മംഗളുരു- കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ തുറുപ്പുചീട്ടുകളിലൊന്നാണ് എതിരാളികളാല്‍ കൊലചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പട്ടിക. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തിനിടെ 'തീവ്രവാദികള്‍' കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബിജെപി ഇറക്കിയ 23 പേരുടെ പട്ടികയില്‍ ഒന്നാമതായി ചേര്‍ത്ത 'രക്തസാക്ഷി'യെ ജീവനോടെ കണ്ടെത്തി. പട്ടികയിലെ ഒന്നാമനായ അശോക് പൂജാരി എന്ന ബജ്രംഗ്ദള്‍-ബിജെപി പ്രവര്‍ത്തകനാണ് ഉഡുപ്പിയില്‍ വീട്ടില്‍ ആരോഗ്യവാനായി ഇരിക്കുന്നത്. 2015 സെപ്തംബര്‍ 20-ന് കൊല്ലപ്പെട്ടയാളാണ് പൂജാരി എന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അടക്കം ഈ പട്ടിക ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
താന്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായി ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൂജാരി വ്യക്തമാക്കുന്നു. എങ്കിലും പൂജാരി കൂടി ഉള്‍പ്പെട്ട 23 രക്ഷസാക്ഷികളുടെ പട്ടികയുമായി ബിജെപി പ്രചാരണം തുടരുകയാണ്. ഇവരെ കൊലപ്പെടുത്തിയത് മുസ്ലിംകളാണെന്ന് വിദ്വേഷ പ്രചരാണമാണ് ബിജെപിയും സംഘപരിവാരും കര്‍ണാടകയില്‍ നടത്തുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഈ വാദം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ബിജെപി ഉന്നയിക്കുന്ന 14 കൊലപാതക സംഭവങ്ങളിലും മുസ്ലിം ആക്രമികള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ നരേത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇവയിലേറേയും വ്യക്തിപരമായ ശത്രുത കാരണമായ കൊലപാതകങ്ങളും ആത്മഹത്യകളും ആണെന്നാണ് കണക്കുകള്‍ നിരത്തി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം കൊല്ലപ്പെട്ടുവെന്ന് പറയുന്ന അശാക് പൂജാരി ജീവനോടെ രംഗത്തെത്തിയിട്ടും സംഘപരിവാര്‍ പട്ടിക തിരുത്താന്‍ തയാറായിട്ടില്ല. പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടായിരിക്കും. ഞങ്ങള്‍ വ്യാജ വാദങ്ങള്‍ ഉന്നയിക്കാറില്ല, എന്നാണ് വിശ്വ ഹിന്ദു പരിഷത്ത് മംഗളുരു ജില്ലാ പ്രസിഡന്റ് ജഗദീഷ് ശെനാവ പറയുന്നത്.