ആലപ്പുഴ- നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന റിപ്പോര്‍ട്ട് വായിച്ച് ആദിത്യ ലക്ഷ്മിക്ക് സഹായമൊരുക്കി ആലപ്പുഴ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. അഞ്ച് വര്‍ഷത്തെയും പഠന ചെലവ് രാമചന്ദ്ര ടെക്സ്റ്റയില്‍സ് സി.ഇ.ഒ. മനോജ് ഏറ്റെടുത്തതായി കലക്ടര്‍ ഫേസ് ബുക്ക് പേജില്‍ അറിയിച്ചു.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് ആദിത്യ ലക്ഷ്മിയെന്ന ഈ മിടുക്കിയെ കുറിച്ചു ഞാന്‍ അറിയുന്നത്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ഈ മോള്‍ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ആയിരുന്നു. ഇതറിഞ്ഞ ഉടന്‍ ഈ മോളെ വിളിച്ച് എന്നെ വന്ന് കാണാന്‍ അവശ്യപ്പെട്ടു.
വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ എന്റെയൊരു സുഹൃത്തിനെ വിളിച്ച് ഇവരെ സഹായിക്കുമോ എന്ന് ചോദിക്കുകയും അദ്ദേഹം ഒരു മടിയും കൂടാതെ ഈ മോളുടെ അഞ്ച് വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ആയിരുന്നു.
ഇനി ഈ മോള്‍ക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടാതെ പഠിക്കാം. നമ്മുടെ നാടിനും വീടിനും ഉപകരിക്കുന്ന ഒരു മിടുക്കിയായ ഡോക്ടര്‍ ആയി മാറാം.
ഈ കുട്ടിക്ക് പഠിക്കുന്നതിനായുള്ള സഹായം ചെയ്തു തന്ന രാമചന്ദ്ര ടെക്സ്റ്റയില്‍സ് സി.ഇ.ഒ. ആയ മനോജിന് എല്ലാവിധ നന്ദിയും.