മെഹ്ബൂബ് നഗര്‍-രാഹുല്‍ ഗാന്ധിയുടെ ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള യാത്ര കേരളം വിട്ടതോടെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് പറയാം. എല്ലായിടത്തും തരംഗമുണ്ടാക്കിയാണ് രാഗ മുന്നേറുന്നത്.
രാഹുല്‍ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും റോഡിലൂടെ ഓടുന്ന വീഡിയോ ആണ് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ബഹുദൂരം മുന്നോട്ട് കുതിക്കുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന് ഒപ്പമെത്തുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കുട്ടികളും പോലീസുകാരുമെല്ലാം ഓടുന്നുണ്ട്. പക്ഷേ, രാഹുല്‍ ഗാന്ധി തന്നെ ഏറെ മുന്നില്‍.
ആരോഗ്യ സംരക്ഷണത്തില്‍ ഒരുപടി മുന്നിലാണ് രാഹുല്‍ ഗാന്ധി. നിത്യേന അദ്ദേഹം വ്യായാമം ചെയ്യുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. യാത്രയ്ക്കിടെയും പലപ്പോഴും രാഹുലിന്റെ ശാരീരിക ക്ഷമതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം പുഷ് അപ്പ്, പുള്‍ അപ്പ് ചെയ്യുന്നതും നാടോടി പാട്ടിന് ചുവടുവയ്ക്കുന്നതുമെല്ലാം വൈറലായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി തെലങ്കാനയിലാണ് ഭാരത് ജോഡോ യാത്ര. മെഹ്ബൂബ് നഗറിലെ ധരംപൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയത്. ഈ വേളയിലായിരുന്നു രാഹുലും നേതാക്കളും അല്‍പ്പദൂരം ഓടിയത്. ദിവസവും കിലോമീറ്ററുകളോളം പിന്നിടുന്ന യാത്ര കോണ്‍ഗ്രസിന്റെ ഉണര്വിന് കാരണമായിട്ടുണ്ട്. വലിയ സ്വീകരണം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയേറിയിരിക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.