സോള്‍- ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേര്‍ മരിച്ചു. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം 10:30ഓടെയാണ് സംഭവം. പ്രധാന ആഘോഷവേദിയായ ഇത്തായോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളികയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.
സമീപത്തുള്ള ബാറില്‍ പ്രശസ്തനായ ആരോ ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ തിക്കും തിരക്കും കൂട്ടിയത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തോളം പേര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇടറോഡിലും മറ്റുമായാണ് പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത്.ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയുമാണ് മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.