അമരാവതി- ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന 60 വയസ്സുകാരന്‍ ജീവനൊടുക്കി. അമരാവതിയിലെ അമരലിംഗേശ്വര സ്വാമി ക്ഷേത്രത്തിനു സമീപമാണ് ഇയാള്‍ മരത്തില്‍ തൂങ്ങിമരിച്ചത്.
ബലാത്സംഗത്തിനിരയായ ബാലികക്ക് നീതി ആവശ്യപ്പെട്ട് ഗുണ്ടൂരിലെ ഗുരസാല നിവാസികള്‍ കഴിഞ്ഞ ദിവസം ഭാമ നായിഡു പ്രതിമക്ക് സമീപം പ്രകടനം നടത്തിയിരുന്നു. ബാലികയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ സഹായ ധനം അനുവദിച്ചിരുന്നു. പെണ്‍കുട്ടിയുടെ തുടര്‍ പഠനത്തിനും സഹായം പ്രഖ്യാപിച്ചു.
പൊതുജനങ്ങളെ ബോധവല്‍കരിക്കാന്‍ തിങ്കളാഴ്ച സംസ്ഥാനത്തെമ്പാടും റാലികള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.