ന്യൂദൽഹി-എം.എൽ.എമാരെ വിലക്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി നേതാവും ദൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ പാർട്ടിയിലെ എം.എൽ.എമാരെ വിലയ്ക്കുവാങ്ങാൻ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി നേതൃത്വത്തെ സിസോദിയ കടന്നാക്രമിച്ചു. നേരത്തെ ദൽഹിയിലും പഞ്ചാബിലും മറ്റ് എട്ട് സംസ്ഥാനങ്ങളിലും എം.എൽ.എമാരെ വേട്ടയാാനുള്ള നീക്കം ബി.ജെ.പി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ഇത്തവണയും ബി.ജെ.പി കളിക്കുന്ന വൃത്തികെട്ട കളിയാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ എം.എൽ.എമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച മൂന്ന് പേർ തമ്മിലുള്ള സംഭാഷണം അടങ്ങിയ ഓഡിയോ ക്ലിപ്പ് സിസോദിയ പുറത്തുവിട്ടു. ഇതിൽ, ഒരു ഷായെ പറ്റി പരാമർശിക്കുന്നുണ്ട്. ഷാ യഥാർത്ഥത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെങ്കിൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. കാരണം ഒരു ബ്രോക്കർ ഒരു എം.എൽ.എയെ വാങ്ങുകയും രാജ്യത്തെ ആഭ്യന്തര മന്ത്രിയുടെ പേര് അതിൽ ഉൾപ്പെടുത്തുകയും ചെയ്താൽ, അത് മുഴുവൻ രാജ്യത്തിനും അപകടകരമാണെന്നും സിസോദിയ പറഞ്ഞു.