ഗുരുഗ്രാം- പീഡനക്കേസില്‍ പ്രതിയായ യുവാവിനെ സ്ത്രീയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഫരീദാബാദ് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോഹിത്(32) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നവീന്‍ എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മോഹിത് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മോഹിതും നവീനും ചേര്‍ന്ന് ഒരു സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കാനായി സ്ത്രീയുടെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെ, പ്രതികളായ രണ്ടുപേരും വീണ്ടും വീട്ടിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി അയല്‍ക്കാര്‍ വിവരമറിയിച്ചു. ഇതോടെ ബന്ധുക്കളും പോലീസും ഉടന്‍തന്നെ വീട്ടിലെത്തിയെങ്കിലും പ്രതികള്‍ കടന്നു. ഇതിനുപിന്നാലെയാണ് സ്ത്രീയുടെ ബന്ധുക്കള്‍ പ്രതികളെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചത്.
കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന രണ്ടുപേരെയും കാറിന്റെ ചില്ല് തകര്‍ത്ത ശേഷമാണ് ആക്രമിച്ചത്. വാളുകളും ഇരുമ്പ് വടികളും കൊണ്ടായിരുന്നു മര്‍ദനം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ചോരയൊലിച്ച നിലയിലായിരുന്നു രണ്ടുപേരും. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോഹിത് മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുന്ന നവീന്റെ ആരോഗ്യനില അതീവഗുരുതരമാണ്.