ന്യൂദല്‍ഹി- സഹോദരിയെ ശല്യം ചെയ്യുന്നത് തടഞ്ഞ കൗമാരക്കാരനെ രണ്ട് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ദല്‍ഹിയിലെ പട്ടേല്‍ നഗറില്‍ വെള്ളിയാഴ്ച രാത്രി 9.14 ഓടെയാണ് സംഭവം. കുട്ടിയെ ആക്രമിച്ചതും പ്രായപൂര്‍ത്തി ആകാത്തവരാണ്. ആക്രമണത്തിന്റെ ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
ഒരു തെരുവില്‍ മൂന്ന് കൗമാരക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ഒരാള്‍ കത്തികൊണ്ട് മറ്റൊരാളുടെ പുറത്ത് കുത്തുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. നട്ടെല്ലിന് കുത്തേറ്റ കൗമാരക്കാരന്‍ ഫോണ്‍ എടുത്ത് ആരെയോ സഹായത്തായി വിളിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഉടന്‍തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
വീടിനു സമീപം വച്ചുതന്നെയാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കംപ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.