അഹമ്മദാബാദ്- പഞ്ചാബില്‍ ചെയ്തതുപോലെ ഗുജറാത്തിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഇതിനായുള്ള അഭിപ്രായ വോട്ടിന് പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തുടക്കമിട്ടു. 'ചൂസ് യുവര്‍ ചീഫ് മിനിസ്റ്റര്‍' എന്ന പേരിലാണ് പ്രചാരണം. തിരഞ്ഞെടുപ്പ് ആവേശം ജനങ്ങളില്‍ നിറയ്ക്കാന്‍ റാലികളും യോഗങ്ങളും തുടങ്ങിക്കഴിഞ്ഞു. സൗജന്യ വൈദ്യുതി, മികച്ച വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയവയാണ് എ.എ.പി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. അവര്‍ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പരിഹാരം തേടുകയാണ്. ബി.ജെ.പി അവരുടെ മുഖ്യമന്ത്രിയെ മാറ്റിക്കൊണ്ടിരിക്കുന്നു. ആദ്യം വിജയ് രൂപാണിയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചു. വിജയ് രൂപാണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നു എന്നാണോ അതിനര്‍ഥം? വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ ചോദിച്ചു.
രുപാണിയെ കൊണ്ടുവന്നപ്പോള്‍ ജനങ്ങളോട് ഒന്നും ചോദിച്ചില്ല. ദല്‍ഹിയില്‍ നിന്നുള്ള തീരുമാനമായിരുന്നു അത്. ജനാധിപത്യത്തില്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് ബി.ജെ.പി 2016ലോ 2021ലോ ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ജനങ്ങളോട് എ.എ.പി ചോദിക്കുകയാണ്. പഞ്ചാബില്‍ അതാണ് സംഭവിച്ചത്. ആരായിരിക്കണം മുഖ്യമന്ത്രിയെന്ന ജനങ്ങളുടെ താല്‍പര്യം അറിഞ്ഞാണ് ഭഗവന്ത് മാനിനെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.