കൊച്ചി-സ്വിച്ച് അമര്‍ത്തിയാല്‍ റേസിംഗ് കാര്‍ പോലെ കുതിച്ചു പായുകയും പോലീസിനെ കാണുമ്പോള്‍ സ്വിച്ചിട്ട് ശബ്ദവും വേഗവും മാറ്റുകയും ചെയ്യുന്ന രൂപമാറ്റം വരുത്തിയ കാര്‍ വാഹന പരിശോധനയില്‍ പിടിയിലായി. പരിശോധകരെ കാണുമ്പോള്‍ യാതൊരു മാറ്റവുമില്ലാതിരുന്ന വാഹനം അല്ലാത്ത സമയങ്ങളില്‍ അമിത ശബ്ദത്തിലും അപകടകരമായ വേഗത്തിലും കുതിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഗതാഗത നിയമലംഘനങ്ങളും ലഹരിമരുന്ന് ഉപയോഗവും കണ്ടെത്തുന്നതിനായി കളമശ്ശേരി പൈപ്പ്‌ലൈന്‍ ജങ്ഷനില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കുതിച്ചെത്തിയ വാഹനം പിടിയിലായത്. വാഹനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
വാഹനങ്ങളുടെ രൂപമാറ്റം തടയുക, വാഹനമോടിക്കുന്നവരുടെ ലഹരി ഉപയോഗം നിയന്ത്രിക്കുക, ടാക്‌സ് സംബന്ധമായ നിയമലംഘനങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സംയുക്ത പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ 68 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍മെറ്റ് വയ്ക്കാത്തതിന് 43 പേര്‍ക്കെതിരെയും വണ്‍ വേ തെറ്റിച്ചതിനു മൂന്ന് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നമ്പര്‍ പ്ലേറ്റ് ശരിയായി പ്രദര്‍ശിപ്പിക്കാത്ത മൂന്ന് വാഹനങ്ങള്‍ക്കെതിരെയും സൈലന്‍സറില്‍ മാറ്റം വരുത്തിയ മൂന്ന് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കും. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ യാത്ര ചെയ്തതിന് മൂന്ന് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ലൈസന്‍സ് ഇല്ലാത്ത മൂന്നു പേര്‍ക്കെതിരെയും നടപടിയെടുക്കും.രൂപമാറ്റം വരുത്തിയ മൂന്ന് വാഹനങ്ങള്‍ക്ക് വാഹനം പഴയരീതിയിലാക്കാന്‍ ഒരാഴ്ച സമയം നല്‍കി. കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രം വരും ദിവസങ്ങളില്‍ കോടതിയില്‍ സമര്‍പ്പിക്കും. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എസ് സ്വപ്‌ന പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.