Sorry, you need to enable JavaScript to visit this website.

മഞ്ചേരിയില്‍ ബാലികയെ പീഡിപ്പിച്ച വയോധികന് പത്തുവര്‍ഷം കഠിന തടവ്

മഞ്ചേരി-പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ
മൊയ്തീ (68) നെയാണ് ജഡ്ജി പി.ടി പ്രകാശന്‍ ശിക്ഷിച്ചത്.  2016 ജനുവരി 23ന് വൈകീട്ട് അഞ്ചു മണിക്കാണ് കേസിനാസ്പദമായ സംഭവം.   കുട്ടിയെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി  പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിക്ക് ഒരു രൂപയുടെ മൂന്നു നാണയങ്ങള്‍ നല്‍കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  കരഞ്ഞുകൊണ്ടു നാണയങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്താകുന്നത്.  പോക്സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവര്‍ഷം തടവ്, രണ്ടു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടുവര്‍ഷത്തെ അധികതടവ്, ഭീഷണിപ്പെടുത്തിയതിനു ഇന്ത്യന്‍ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടു വര്‍ഷം കഠിനതടവ്, കുട്ടിക്ക് സ്വകാര്യഭാഗങ്ങള്‍ കാണിച്ചു നല്‍കിയതിനു മൂന്നു വര്‍ഷം കഠിന തടവ്,  25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ.  ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.  പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍ നിന്നു രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്ക് നല്‍കാനും കോടതി വിധിച്ചു.  പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.  14 രേഖകളും  രണ്ടു തൊണ്ടിമുതലുകളും ഹാജരാക്കി.  ഡബ്ല്യുസിപിഒമാരായ എന്‍. സല്‍മ, ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍മാര്‍.  കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന ബി. സന്തോഷ് അന്വേഷണം നടത്തുകയും  പി.കെ സന്തോഷ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുയുമായിരുന്നു.  പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നു നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനു കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി.

 

 

Latest News