Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഐ.എസ് ബന്ധം സ്ഥിരീകരിച്ച് പോലീസ്, കേരളത്തിലെ ജയിലില്‍ കാണാനെത്തി

ചെന്നൈ- കോയമ്പത്തൂരില്‍ ക്ഷേത്രത്തിനു പുറത്തുണ്ടായ എല്‍.പി.ജി സിലിണ്ടര്‍ സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ഐ.എസ് ബന്ധമുള്ളവരെ കണ്ടതായി സമ്മതിച്ചതായി തമിഴ്‌നാട് പോലീസ്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ആക്രമണം നടത്തിയ ഐ.എസ് യൂനിറ്റുമായി ബന്ധമുള്ളവരെയാണ് കണ്ടത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍നിന്ന് 109 വസ്തുക്കള്‍ കണ്ടെത്തിയതും ഇവയില്‍ ഭൂരിഭാഗവും സ്‌ഫോടവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവയാണ്. ഇതിനു പുറമെ തീവ്രവാദ ലഘുലേഖകളും ലഭിച്ചതായും അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായ ആറാമത്തെയാളായ ഫിറോസ് ഇസ്മായില്‍ കേരളത്തില്‍ ജയിലിലുള്ള മുഹമ്മദ് അസ്ഹറുദ്ദീന്‍, റാഷിദ് അലി എന്നിവരുമായി ബന്ധപ്പെട്ടതായാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. ഇവരുടെ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
ആദ്യം അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മുബീന്റെ ബന്ധുവായ ആറാമനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുത്തത്.
അതിനിടെ, കേസില്‍ എന്‍.ഐ.എ ഉള്‍പ്പെടുത്താന്‍ വൈകിയതിനെ വിമര്‍ശിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി രംഗത്തുവന്നു. തമിഴ്‌നാട് പോലീസിനെ അഭിനന്ദിക്കുന്നുവെങ്കിലും എന്‍.ഐ.എ വിളിക്കേണ്ടവര്‍ വെച്ചുതാമസിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിനെതിരെയാണ് ഗവര്‍ണറുടെ വിമര്‍ശം. ഭീകരാക്രമണ കേസുകളില്‍ സമയം പ്രാധനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Latest News