ദോഹ- നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഖത്തറിനും ഗള്‍ഫ് മേഖലക്കുമെതിരായ മുന്‍വിധികള്‍ തകര്‍ക്കാന്‍ സഹായകമാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഗള്‍ഫ് മേഖലക്കെതിരെയുള്ള മുന്‍വിധികള്‍ മാറ്റിയെഴുതുമെന്ന് അദ്ദേഹം ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ''ഖത്തറിന് വിശേഷിച്ചും ഗള്‍ഫ് മേഖലക്ക് പൊതുവിലും മറ്റൊരു വെളിച്ചത്തില്‍, മറ്റൊരു വിധത്തില്‍ ലോകത്തിന് മുന്നില്‍ സ്വയം അവതരിപ്പിക്കാനും, ചില മുന്‍വിധികളില്‍ നിന്ന് മുക്തി നേടാനുമുള്ള അവസരം നല്‍കുമെന്ന അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായും വൈജ്ഞാനികമായും ലോകം ഏറെ പുരോഗമിച്ചെങ്കിലും മുന്‍വിധികള്‍ നിലനില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്, അവ തിരുത്തിയെഴുതണം-ഇന്‍ഫാന്റിനോ പറഞ്ഞു.
ഖത്തറിലെ തൊഴില്‍ സംവിധാനത്തിലും പ്രവര്‍ത്തന രീതികളിലും വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്‍ഫാന്റിനോ എടുത്തുപറഞ്ഞു. തൊഴില്‍ മേഖലയില്‍ സാരമായ മാറ്റങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. കഫാല സിസ്റ്റം എടുത്തുകളഞ്ഞതും തൊഴിലാളികള്‍ക്കും മിനിമം വേതനം സ്ഥാപിക്കപ്പെട്ടതും എടുത്ത് പറയേണ്ടവയാണ്- അദ്ദേഹം പറഞ്ഞു. 'തൊഴിലാളി ക്ഷേമ നടപടികളുമായാണ് ഖത്തര്‍ പുരോഗതിയുടെ പാതയില്‍ കുതിച്ചുചാട്ടം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി