Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാമുകിയുടെ ജ്യൂസ് ജാതകദോഷം തീർക്കൽ; ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് കുടുംബം

തിരുവനന്തപുരം - കാമുകി വീട്ടിൽ വിളിച്ചുവരുത്തി നൽകിയ ജ്യൂസ് കുടിച്ച് ബി.എസ്.സി അവസാനവർഷ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത. പാറശ്ശാല മുര്യങ്കര സ്വദേശി ജയരാജിന്റെ മകൻ ഷാരോൺ രാജിനെ (23) യുവതി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 
 ഈ മാസം 14ന് തമിഴ്‌നാട് രാമവർമ്മൻചിറയിലുള്ള കാമുകി വിളിച്ചതിനെ തുടർന്നാണ് ഷാരോൺ അവരുടെ വീട്ടിലേക്ക് പോയതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവിടെ നിന്നും യുവതി നല്കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛർദ്ദിച്ച് അവശനായ ഷാരോൺ 11 ദിവസങ്ങൾക്കു ശേഷം മരിക്കുകയായിരുന്നു. ആന്തരാവയവങ്ങൾക്ക് ക്ഷതമുണ്ടാക്കുന്ന ആസിഡ് പോലുള്ള ദ്രാവകം കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതിന് പിന്നാലെയാണ് യുവതിയുടെ ജാതകദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്ന് ആരോപിച്ച് ഷാരോണിന്റെ കുടുംബം രംഗത്തെത്തിയത്. 
 ഷാരോണും തമിഴ്‌നാട് സ്വദേശിയായ പെൺകുട്ടിയും തമ്മിൽ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായി പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, തന്റെ ജാതക പ്രകാരം നവംബറിന് മുമ്പ് വിവാഹം നടന്നാൽ ആദ്യ ഭർത്താവ് മരിക്കുമെന്ന് യുവതി, ഷാരോണിനോട് പറഞ്ഞുവെന്നും ഇതിനാലാണ് സെപ്തംബറിലേക്ക് വിവാഹം മാറ്റിവച്ചതെന്നും ഷാരോണിന്റെ കുടുംബം പറയുന്നു. ഇതിനിടെ ഇരുവരും തമ്മിൽ അകന്നെങ്കിലും ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. ഇവ ആവശ്യപ്പെട്ട് യുവതി ഷാരോണിനെ പലവട്ടം വിളിച്ചിരുന്നു. അതിനിടെയാണ് റെക്കോഡ് ബുക്ക് നല്കാമെന്നും പറഞ്ഞ് യുവതി ഷാരോണിനെ വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചത്. സൈനികനുമായുള്ള വിവാഹം നടക്കാനോ, അതല്ലെങ്കിൽ ജാതക ദോഷം തീർക്കാനോ വീണ്ടിയാകാം യുവതി ഷാരോണിന് ആസിഡ് കലർന്ന കഷായമോ, ജ്യൂസോ നല്കിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പാറശാല പൊലീസ് പറയുന്നത്. കേസ് അട്ടിമറിക്കാനായി പോലീസ് അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

Latest News