മലപ്പുറം- സോഷ്യൽ മീഡിയ വഴി തീപ്പൊരി ചിതറി കലാപമുണ്ടാക്കി മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഇതിനെ കരുതിയിരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ശിഹാബ് തങ്ങൾ ഇക്കാര്യം പറഞ്ഞത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സമൂഹത്തിന്റെ ജീവിതരീതിയിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഘടകം ഏതാണെന്നു ചോദിച്ചാൽ അത് സോഷ്യൽ മീഡിയ തന്നെയാണ്. സോഷ്യൽ മീഡിയ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.? മനുഷ്യന്റെ സൗഹൃദങ്ങളെ നിലനിർത്താനും പുതുക്കാനും ഒക്കെയാണ് സോഷ്യൽ മീഡിയ രൂപം കൊണ്ടത്. ഏതിനും ഒരു ദോഷമുണ്ടെന്നതു പോലെ ഇതിലും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. വിപ്ലവങ്ങൾ സൃഷ്ടിക്കാനും, കലാപം സൃഷ്ടിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിയുമെന്ന് നാം തിരിച്ചറിഞ്ഞതാണ്. അതാണ് ഇന്ന് ഇങ്ങനെ ഒരു വിഷയം നിങ്ങളോട് പങ്ക് വെക്കണമെന്ന് കരുതിയതും.
എല്ലായിടങ്ങളിലും സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ചും നമ്മുടെ ഇടപെടലുകളെല്ലാം നന്മയിലൂന്നിയായിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഷയറുകളും ലൈക്കുകളും നന്മയിലൂന്നിയായിരിക്കണം. അപ്പോൾ അതൊരു സൽകർമമാവുമെന്നതിൽ സംശയമില്ല. എന്നാൽ മറ്റുള്ളവരെ പരിഹസിക്കാനോ ഇകഴ്ത്താനോ മറ്റുള്ളവർക്ക് എതിരായോ നമ്മൾ ചെയ്യുന്ന ഓരോ ഷെയറും നമ്മെ തന്നെ തിരിഞ്ഞുകുത്തുമെന്ന് ഓർക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ധാർമികമായും നിയമപരമായും പാടില്ലാത്തതാണെന്ന് നാം ഏവരും മനസിലാക്കണം.
ഹിന്ദുവും, മുസ്ലിമും, കൃസ്ത്യാനിയുമെല്ലാം സന്തോഷത്തോടെയും, സഹകരണത്തോടെയും ജീവിക്കുന്ന നാടാണ് നമ്മളുടേത്. എന്നാൽ അവിടെ തീപ്പൊരി ചിതറിയിടാൻ ചിലർ ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ കാണുന്ന ചില ചർച്ചകളും, പോസ്റ്റുകളും.
പല മതങ്ങളുടെയും ഭാഷയുടെയും ആചാരങ്ങളുടെയും ഇന്ത്യയിൽ ജീവിക്കുമ്പോൾ ഓരോരുത്തർക്കും ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ആരുടെയും വാക്കും പ്രവൃത്തിയും അന്യന്റെ, അയൽക്കാരന്റെ, സഹോദര മതാക്കാരന്റെ വിശ്വാസത്തെയും ആചാരത്തെയും കുറ്റപ്പെടുത്തുന്നതാകരുത്. മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെക്കുറിച്ച് നിങ്ങൾ അസഭ്യം പറയരുതെന്ന് ഖുർആൻ നിർദേശിക്കുന്നുണ്ട്.
ആവശ്യമില്ലാത്തതും, വിശ്വസനീയമല്ലാത്തതുമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുത് . അതോടൊപ്പം വിദ്വേഷം വളർത്തുന്നതും, മതസൗഹാർദവും തകർക്കുന്നതും, സംഘർഷമുണ്ടാക്കുന്നതുമായ കാര്യങ്ങളും ഷെയർ ചെയ്യരുത്. മറ്റുള്ളവർ വിദ്വേഷം വളർത്താനും, കലാപം സൃഷ്ടിക്കാനും നിങ്ങളെ ചട്ടുകമാക്കാതിരിക്കട്ടെ.ഓരോ പോസ്റ്റിനും കമന്റിനും ലൈക്കിനും മുമ്പ് തിരുനബിയുടെ ഈ വചനം ഓർക്കുക: 'നന്മ പറയുക അല്ലെങ്കിൽ മൗനം പാലിക്കുക.'