ന്യൂദല്‍ഹി-ഐഎസ് ഭീകര ബന്ധം സംശയിക്കുന്ന കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്‌ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ അനുസരിച്ച് കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎക്ക് പ്രതികളുടെ കേരള ബന്ധത്തെക്കുറിച്ചു സൂചന കിട്ടിയിട്ടുണ്ട്. സ്ഫോടനത്തില്‍ മരിച്ച മുബീന്റെ ബന്ധുവായ അഫ്സറിനെ കൂടി ഇന്നലെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കാര്‍ ബോംബ് കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് അഫ്‌സര്‍.
കോയമ്പത്തൂര്‍ നഗര മധ്യത്തിലുള്ള കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ജമേഷ മുബീന്‍ (29) എന്നയാള്‍ കൊല്ലപ്പെട്ടതു ചാവേര്‍ ആക്രമണം ആണെന്നാണു പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മുബീനും കൂട്ടാളികളും തൃശൂര്‍ ജയിലില്‍ കഴിയുന്ന റാഷിദ് അലി, അസ്ഹറുദ്ദീന്‍ എന്നിവരുമായി പലതവണ ബന്ധപ്പെട്ടതായി കണ്ടെത്തി. ഭീകര ബന്ധത്തിന് എന്‍ഐഎ നേരത്തെ അറസ്റ്റു ചെയ്തവരാണ് റാഷിദും അസ്ഹറുദ്ദീനും. കോയമ്പത്തൂരിലെ പ്രതികള്‍ തൃശൂരിലെ ജയിലിലെത്തി റാഷിദും അസ്ഹറുദ്ദീനുമായി നേരിട്ടു സംസാരിച്ചിരുന്നോയെന്ന് അറിയിക്കാന്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
സ്ഫോടനത്തിന് ഐഎസ് പോലുള്ള വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ നിഗമനം.
സ്ഫോടനം നടന്ന സ്ഥലമല്ല പ്രതികളുടെ ലക്ഷ്യമെന്നും കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പരയ്ക്കു ലക്ഷ്യമിട്ടിരുന്നതായും സൂചനകള്‍ ലഭിച്ചു. മുബീന്റെ വസതിയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്ത കുറിപ്പില്‍ കോയമ്പത്തൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ ലിസ്റ്റും ഉണ്ടായിരുന്നു. മുബീന്റെ വീട്ടില്‍ നിന്നു കിട്ടിയ 76.5 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ് ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നു വാങ്ങിയതാണ്. ആരൊക്കെ എത്ര കിലോ ഇത്തരം വസ്തുക്കള്‍ വാങ്ങിച്ചിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 4.30ന് ഉണ്ടായ സ്ഫോടന കേസില്‍ ഞെട്ടിക്കുന്ന പല കണ്ടെത്തലുകളുമാണു പുറത്തുവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉന്നതതല യോഗം വിളിച്ചു സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
കോയമ്പത്തൂരിലെ കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിനു മുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ മാരുതി 800 കാറിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ജമേഷ മുബീന്‍ എന്നയാള്‍ മരിച്ചു. സ്ഫോടനം അപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഭീകരാക്രമണ സൂചന കണ്ടെത്തിയത്. കാറില്‍ നിന്ന്് മാര്‍ബിളുകളും നഖങ്ങളും മറ്റു വസ്തുക്കളും ഫോറന്‍സിക് പരിശോധനയ്ക്കിടെ കണ്ടെത്തി.
മരിച്ച മുബീന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 76.5 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, കരി, സള്‍ഫര്‍ തുടങ്ങിയ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതോടെയാണ് ഭീകരബന്ധത്തിന്റെ സൂചന കിട്ടിയതെന്ന് തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു പറഞ്ഞു. സ്ഫോടന ദിവസം ചാക്കില്‍ പൊതിഞ്ഞ ഭാരമേറിയ സാധനങ്ങള്‍ നാലുപേര്‍ കൊണ്ടുപോകുന്നത് മുബീന്റെ വീടിനു പുറത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തി.