മുഖ്യമന്ത്രിയുമായും സർക്കാരുമായും രമ്യതയിലായിരിക്കുമ്പോൾ നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ല, തമ്മിൽ തെറ്റുമ്പോൾ മാത്രം അതെല്ലാം നോക്കിയാൽ മതി എന്നതൊക്കെ ആരിഫ് മുഹമ്മദ് ഖാനു മാത്രം ചേരുന്ന ഗുണവിശേഷണങ്ങളാവും.
കേരളത്തിൽ മാത്രമല്ല, രാജ്യത്ത് തന്നെ അത്യസാധാരണമായതാണ് സംസ്ഥാനത്തെ വിവിധ സർവകലാശാല വൈസ് ചാൻസലർമാരെ ഒറ്റയടിക്ക് നീക്കം ചെയ്യാൻ ലക്ഷ്യമിട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊണ്ടിരിക്കുന്ന നടപടികൾ. അതാകട്ടെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചും. ഡോ. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീയുടെ നിയമനം ചോദ്യം ചെയ്ത് സർമിപ്പിക്കപ്പെട്ട ഹരജി പരിഗണിച്ച കോടതി, യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി നിയമനം അസാധുവാക്കി. ക്രമവിരുദ്ധ നിയമനമാകയാൽ അത് നടത്തിയപ്പോൾ തന്നെ അസാധുവായിരുന്നെന്നുകൂടി കോടതി വ്യക്തമാക്കി.
ഈ വിധി വന്നതിനു പിന്നാലെയാണ് കേരളത്തിലെ ഇതര സർവകലാശാലകളിലെ വൈസ് ചാൻസലർമാരെയും ഇതേപോലെ ക്രമവിരുദ്ധമായാണ് നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി അവരെയെല്ലാം പുറത്താക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടൽ പാതയിലുള്ള ഗവർണർ രംഗത്തെത്തിയത്. ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ 24 മണിക്കൂറിനകം രാജിവെക്കണമെന്ന കൽപനയായിരുന്നു ആദ്യം. ഗവർണറുടെ അന്ത്യശാസനത്തിന് വഴങ്ങേണ്ടതില്ലെന്നും നിയമപരമായി നേരിടാനും ഉത്തരവ് കിട്ടിയ വി.സിമാർ യോഗം കൂടി തീരുമാനിച്ചു. അതോടെ പിരിച്ചുവിടാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് ഗവർണറുടെ അടുത്ത നോട്ടീസ് വന്നു. അടുത്ത മാസം നാലിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്.
സർക്കാരിന്റെ പിന്തുണയുള്ള വി.സിമാർ രാജിവെക്കാതെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അനുകൂലമായിരുന്നില്ല കോടതിയുടെ സമീപനം. ഗവർണർക്ക് മറുപടി നൽകേണ്ട ദിവസം വരെ പദവിയിൽ തുടരാമെന്നു മാത്രമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. മാത്രമല്ല ക്രമരഹിതമായി നിയമിക്കപ്പെട്ട വൈസ് ചാൻസലർമാരുടെ നിയമനം റദ്ദാക്കപ്പെടേണ്ടതല്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളും കോടതിയിൽനിന്നുണ്ടായി. ഇതിനു പിന്നാലെ സംസ്ഥാനത്തെ മറ്റു രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസർമാർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഈ വിഷയത്തിൽ ഗവർണറും സംസ്ഥാന സർക്കാരും രണ്ടു ദിവസമായി തുറന്ന പോരാട്ടത്തിലാണ്. പിപ്പിടി വിദ്യകളൊന്നും ഇങ്ങോട്ടു വേണ്ടെന്നും ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അധികാരത്തിൽനിന്ന് ഒരിഞ്ച് മുന്നോട്ടു പോകാമെന്ന് ഗവർണർ കരുതേണ്ടെന്നും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ താക്കീത് നൽകുന്നു. അതിനെ തരിമ്പും വകവെക്കാതെ മാധ്യമ സിണ്ടിക്കേറ്റ്, കടക്ക് പുറത്ത് തുടങ്ങിയ പിണറായി വിജയന്റെ മുൻ പരാമർശങ്ങൾ ഉദ്ധരിച്ച് വ്യക്തിപരമായി തന്നെ ഗവർണർ തിരിച്ചടിക്കുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമായതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം സ്തംഭിച്ച അവസ്ഥയാണ്.
വാസ്തവത്തിൽ സംസ്ഥാനത്തെ സർവകലാശാലകളെ വരുതിയിൽ നിർത്താൻ ഗവർണറെ കൂട്ടുപിടിച്ച് സർക്കാർ കുറെ കാലമായി നടത്തിയ ആസൂത്രിത നീക്കങ്ങളുടെ അപ്രതീക്ഷിത പരിണതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിച്ചത് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്. സർവകലാശാലകൾ സർക്കാരുകളുടെയോ മറ്റു രാഷ്ട്രീയ ഇടപെടലുകളുടെയോ സ്വാധീനത്തിൽ വരാതെ തികച്ചും സ്വതന്ത്രമായി നിലകൊള്ളണം എന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി ഇത്തരം മാനദണ്ഡങ്ങൾ തയാറാക്കിയിട്ടുള്ളതും. വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിന് സെർച്ച് കമ്മിറ്റിയെ വെക്കണമെന്നും കമ്മിറ്റിയിൽ അക്കാദമിക് രംഗത്തുള്ളവരായിരിക്കണം ഉണ്ടായിരിക്കേണ്ടതെന്നും കമ്മിറ്റി മൂന്ന് പേരിൽ കുറയാത്ത ഒരു പാനലാവണം ഗവർണർക്കു മുന്നിൽ സമർപ്പിക്കേണ്ടതെന്നും അതിൽനിന്നും വേണം ഗവർണർ ഒരാളെ നിയമിക്കേണ്ടതെന്നുമൊക്കെയാണ് യു.ജി.സി ചട്ടം. സെർച്ച് കമ്മിറ്റിയിൽ ഇരിക്കേണ്ടവരുടെ യോഗ്യത വേറെയമുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയായിരുന്നു കേരളത്തിലെ ഇടതു സർക്കാർ തങ്ങൾക്ക് താൽപര്യമുള്ളവരെ വി.സിമാരാക്കാൻ ചരടുവലിച്ചത്. മിക്കവാറും എല്ലാ വി.സി നിയമനങ്ങൾക്കും പാനലിനു പകരം ഒരൊറ്റ പേര് മാത്രമാണ് ഗവർണർക്കു മുമ്പാകെ സമർപ്പിച്ചത്. സെർച്ച് കമ്മിറ്റികളിൽ അക്കാദമിക് രംഗത്തെ വിദഗ്ധർക്കു പകരം ചീഫ് സെക്രട്ടറി പോലെ സർക്കാരിന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി. നിലവിലെ സർക്കാരും കഴിഞ്ഞ പിണറായി സർക്കാരുമെല്ലാം ഇതേ രീതിയിലായിരുന്നു കാര്യങ്ങൾ ചെയ്തത്.
രസകരമായ കാര്യം സർക്കാരിന്റെ ഈ ചട്ടവിരുദ്ധ നീക്കങ്ങൾക്കെല്ലാം ഇതുവരെയും ഗവർണർ കൂട്ടുനിൽക്കുകയായിരുന്നു എന്നതാണ്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നറിഞ്ഞുകൊണ്ടു തന്നെ സർക്കാർ പറയുന്നയാളുകളെ വി.സിമാരായി നിയമിക്കുകയായിരുന്നു ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന മുൻ ഗവർണർ എ. സദാശിവവുമെല്ലാം. മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വി.സിയായി പുനർനിയമനം നൽകിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് പരസ്യമായി പറയുക പോലും ചെയ്തു. അതായത് സർക്കാർ ചെയ്ത അതേ നിയമലംഘനം ഗവർണറും ചെയ്തു എന്ന് ചുരുക്കം.
സർക്കാരിന്റെ താൽപര്യപ്രകാരം സർവകലാശാലകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിൽ തങ്ങൾക്ക് ഇഷ്ടമുള്ളവരെ വഴിവിട്ട നിലയിൽ വൈസ് ചാൻസലർമാരാക്കിയത്. സി.പി.എം നേതാക്കളുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും സർക്കാരുമായി അടുത്തു നിൽക്കുന്നവർക്കുമെല്ലാം സർവകലാശാലകളിലെ വിവിധ തസ്തികകളിൽ വഴിവിട്ട് നിയമനം നൽകുന്നതിന് തയാറാവുന്നവർ വേണമല്ലോ വൈസ് ചാൻസലർമാരായി വരാൻ. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഭാര്യ, മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ തുടങ്ങി അടുത്ത കാലത്ത് കേരളത്തിലെ സർവകലാശാലകളിൽ നടന്നതും നടത്താൻ ശ്രമിച്ചതുമായ വിവാദ നിയമനങ്ങൾ ഏറെയുണ്ട്. ഇത്തരം നീക്കങ്ങളെല്ലാം നടന്നത് അതാത് വൈസ് ചാൻസലർമാരുടെ കാർമികത്വത്തിൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്.
തുടക്കത്തിൽ സർക്കാരുമായും മുഖ്യമന്ത്രിയുമായെല്ലാം രമ്യതയിൽ പൊയ്‌ക്കൊണ്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടുത്ത കാലത്താണ് വിവിധ കാരണങ്ങളാൽ ഇടയുന്നത്. നിയമസഭ പാസാക്കിയ വിവാദ ലോകായുക്ത ബില്ലിൽ ഒപ്പിടാതിരിക്കുകയും കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം തടയുകയുമെല്ലാം ചെയ്ത ഗവർണർ സർക്കാരിനെതിരെ കിട്ടുന്ന ഏത് ആയുധവും ഉപയോഗിക്കാൻ തയാറായി നിൽക്കുകയായിരുന്നു. അപ്പോഴാണ് ശാസ്ത്ര സാങ്കേതിക സർവകലാശാല വി.സി നിയമനത്തെ ചോദ്യം ചെയ്ത ഹരജിയിൽ സുപ്രീം കോടതി വിധി വരുന്നത്. സർക്കാരിനെ അടിക്കാൻ ഇതിനേക്കാൾ നല്ലൊരു ആയുധം കിട്ടാനുണ്ടോ.
സുപ്രീം കോടതി വിധിയുടെ പേരിൽ കേരളത്തിലെ സർവകലാശാല വൈസ് ചാൻസലർമാരെയെല്ലാം പുറത്താക്കാൻ ഒരുങ്ങുന്ന ഗവർണർ പക്ഷേ ഒരു കാര്യം സൗകര്യപൂർവം മറക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് എന്തിന് ഇതുവരെ സർക്കാരിന്റെ താൽപര്യ പ്രകാരം വി.സിമാരുടെ നിയമനം നടത്തി എന്നതിന് അദ്ദേഹം മറുപടി പറയേണ്ടതുണ്ട്. സർക്കാരും മുഖ്യമന്ത്രിയും എന്തു പറഞ്ഞാലും നിയമപ്രകാരമല്ലാതെ ഗവർണർ എന്തെങ്കിലും ചെയ്യാമോ. അറിഞ്ഞുകൊണ്ട് അധികാര ദുർവിനിയോഗം നടത്തിയ ഗവർണറും രാജിവെക്കേണ്ടതല്ലേ. മുഖ്യമന്ത്രിയുമായും സർക്കാരുമായും രമ്യതയിലായിരിക്കുമ്പോൾ നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ല, തമ്മിൽ തെറ്റുമ്പോൾ മാത്രം അതെല്ലാം നോക്കിയാൽ മതി എന്നതൊക്കെ ആരിഫ് മുഹമ്മദ് ഖാനു മാത്രം ചേരുന്ന ഗുണവിശേഷണങ്ങളാവും. കേരള സർക്കാരും ഗവർണറും ചേർന്ന് നടത്തുന്ന ഈ പിപ്പിടി കളിയിൽ നഷ്ടം ഇരുകൂട്ടർക്കുമല്ല, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലക്കും, വിദ്യാർഥികൾക്കും മാത്രമാണ്.