കാൺപൂർ- ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യയുടെ ആത്മഹത്യയുടെ വീഡിയോ ചിത്രീകരിച്ച് ഭർത്താവ്. ഭാര്യ ജീവനൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇയാൾ കുടുംബാംഗങ്ങളെ കാണിക്കുകയും ചെയ്തു. ഭാര്യയെ ആത്മഹത്യയിൽനിന്ന് തടയാൻ ഇയാൾ ശ്രമിച്ചില്ല. സഞ്ജയ് ഗുപ്തയുടെ ഭാര്യ ശോഭിത ഗുപ്തയാണ് മരിച്ചത്. അഞ്ചു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇരുവരും വഴക്കിട്ട ശേഷം ശോഭിത തൂങ്ങിമരിക്കുകയായിരുന്നു. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ ഒരു സ്‌കാർഫുമായി ഷോബിത തന്റെ കട്ടിലിന് മുകളിലുള്ള ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ ഈ ഘട്ടത്തിലും സഞ്ജയ് ഗുപ്ത തടയാൻ ശ്രമിക്കുന്നില്ല. യേഹി തുംഹാരി സോച്ച് ഹൈ. ബഹുത് ഖരാബ് സോച്ച് ഹൈ (ഇത് നിന്റെ ചിന്താഗതിയാണ്. നിനക്ക് വളരെ മോശമായ മാനസികാവസ്ഥയാണ്) എന്ന് ഇയാൾ പറയുന്നതും കേൾക്കാം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശോഭിത ആത്മഹത്യ ചെയ്തതായി അവരുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കുന്നത്. ആ സമയത്ത് കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. ശോഭിതക്ക് സഞ്ജയ് ഗുപ്ത സി.പി.ആർ കൊടുക്കുന്നുണ്ടായിരുന്നു.
'ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം അയാൾ സി.പി.ആർ കൊടുക്കുന്നതാണ് കണ്ടത്. ശോഭിത നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന ഒരു വീഡിയോയാും സഞ്ജയ് ഗുപ്ത കുടുംബാംഗങ്ങളെ കാണിച്ചു. അവൻ അവളെ തടയുകയല്ല, വീഡിയോ എടുക്കുകയായിരുന്നുവെന്ന് ശോഭിതയുടെ അച്ഛൻ രാജ് കിഷോർ ഗുപ്ത പറഞ്ഞു.
വീട്ടുകാർ ശോഭിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബം പിന്നീട് പോലീസിൽ പരാതി നൽകി. അയാൾക്ക് അവളെ രക്ഷിക്കാമായിരുന്നുവെന്നും ആത്മഹത്യ തടയുന്നതിനുപകരം വീഡിയോ എടുക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ശോഭിതയുടെ മരണത്തിൽ സഞ്ജയ്ക്കുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.