മുംബൈ- മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ റിയാക്ടര്‍ വെസ്സലിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിന്റെ തീവ്രതയില്‍ പ്ലാന്റിന്റെ മേല്‍ക്കൂര പറന്നുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാല്‍ഘര്‍ ജില്ലയിലെ ബോയ്‌സാര്‍ പട്ടണത്തിലെ താരാപൂര്‍ എംഐഡിസിയില്‍ ആണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പാല്‍ഘര്‍ പോലീസ് വക്താവ് സച്ചിന്‍ നവദ്കര്‍ പറഞ്ഞു. വിവരമറിഞ്ഞ് ബോയ്സര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പ്രാദേശിക അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
സ്ഫോടന വേളയില്‍ 18 ജീവനക്കാരാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. വെസ്സലിലെ മര്‍ദ്ദം മൂലമാണ് സ്ഫോടനമുണ്ടായതെന്ന് പ്ലാന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഗാമാ ആസിഡാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. സോഡിയം സള്‍ഫേറ്റ് അമോണിയയുമായി കലര്‍ത്തുന്ന പ്രക്രിയ നടക്കുന്നതിനിടെയാണ് റിയാക്ടര്‍ വെസ്സല്‍ പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടങ്ങി.