തിരുവനന്തപുരം- ടെക്നോ പാര്‍ക്കിലെ ഓഫീസ് അടച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. രാജി വെക്കുകയോ അല്ലാത്ത പക്ഷം ബെംഗലുരുവിലെ ഓഫീസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 170 അധികം ജീവനക്കാരാണ് ബൈജൂസിന്റെ തിരുവനന്തപുരം ഓഫീസില്‍ സേവനം ചെയ്തിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാര്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ ചൊവ്വാഴ്ച കണ്ടിരുന്നു.
നഷ്ടപരിഹാരം നല്‍കണമെന്നും കുടിശികയുള്ള ശമ്പളം നല്‍കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. തൊഴില്‍ നഷ്ടമാകുന്നതടക്കം നിരവധി ആശങ്കകളാണ് ജീവനക്കാര്‍ പങ്കുവച്ചതെന്ന് മന്ത്രി വിശദമാക്കിയിരുന്നു. ജീവനക്കാരുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെക്നോ പാര്‍ക്ക് ജീവനക്കാരുടെ സഘടനയായ പ്രതിധ്വനിയുടെ സഹായത്തോടെ മൂന്ന് മാസത്തെ ശമ്പളം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്. ഇതിന് പിന്നാലെ അടുത്ത ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.