ഉള്ളാള്‍-ഇന്ത്യയില്‍ ഇത് ബിഗ് സെയിലുകളുടെ നാളുകള്‍. പ്രമുഖ തുണിക്കടക്കാര്‍ മുതല്‍ ആഭരണ ശാല വരെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകള്‍ നല്‍കുന്നു. ഇവയെ എല്ലാം കവച്ചു വെക്കുന്നതാണ് ഇ-കൊമേഴ്‌സ് സൈറ്റുകളിലെ നിരക്കിളവ്. കുറച്ചു കാലമായി ദീപാവലി സെയില്‍ വരട്ടെ എന്നു പറഞ്ഞു കാത്തിരിക്കുന്ന ഉപഭോക്താക്കളും ഇത്തരം സൈറ്റുകള്‍ക്കുണ്ട്. ഈ വര്‍ഷവും ദീപാവലിയോട് അനുബന്ധിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ വന്‍ ഓഫറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബിഗ് ദീപാവലി സെയിലില്‍ ഫ്‌ളിപ്പ് കാര്‍ട്ടില്‍ നിന്നും ലാപ്ടോപ്പ് ഓഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് വലിയൊരു കോണ്‍ക്രീറ്റ് കഷ്ണമാണ്. ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗത്വമുള്ള ചിന്മയ രമണ എന്ന യുവതിക്കാണ് കോണ്‍ക്രീറ്റ് കഷ്ണം ലഭിച്ചത്. കര്‍ണാടകയിലെ മംഗലാപുരത്താണ് സംഭവം. കല്ലും കുറച്ച് ഇവേസ്റ്റുമായിരുന്നു ലഭിച്ച പാര്‍സലില്‍ ഉണ്ടായിരുന്നത്.
ഒക്ടോബര്‍ പതിനഞ്ചിനാണ് ചിന്മയ രമണ സുഹൃത്തിനായി ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 20ന് സീല്‍ ചെയ്ത പാക്കറ്റ് ലഭിച്ചു. എന്നാല്‍ തുറന്നപ്പോള്‍ ലാപ്ടോപ്പ് ഉണ്ടായിരുന്നില്ല, പകരം കോണ്‍ക്രീറ്റ് കഷ്ണമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ചിന്മയ വിവരം ഉടന്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ അറിയിക്കുകയും, പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാന്‍ ആദ്യം കമ്പനി വിസമ്മതിക്കുകയും, ഉപഭോക്താവിന്റെ അപേക്ഷ നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് ചിന്‍മയ എല്ലാ തെളിവും സഹിതം മെയില്‍ ചെയ്തു.
തുടര്‍ന്ന് പരാതി പരിഹരിക്കാന്‍ സമയം ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ സമയം തനിക്ക് ലഭിച്ച കല്ലിന്റെ ചിത്രങ്ങള്‍ ചിന്മയ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ ഫ്‌ളിപ്പ്കാര്‍ട്ട് തെറ്റ് അംഗീകരിക്കുകയും മുഴുവന്‍ പണവും തിരികെ നല്‍കുകയുമായിരുന്നു. നഷ്ടമായ മുഴുവന്‍ പണവും തിരികെ ലഭിച്ചതായി ചിന്മയ രമണ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ചിന്മയയ്ക്ക് സംഭവിച്ച പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മികച്ച വഴി 'ഓപ്പണ്‍ ബോക്‌സ് ഡെലിവറി' പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതാണ്. വിലകൂടിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡെലിവറി ഏജന്റിനോട് ബോക്‌സ് തുറന്ന് കാണിക്കാന്‍ ആവശ്യപ്പെടാം, ആവശ്യപ്പെട്ട സാധനം അതിലുണ്ടെന്നും, യാത്രയില്‍ പ്രത്യക്ഷത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഇതിലൂടെ പരിശോധിച്ച് ഉറപ്പിക്കാനാവും. ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഓപ്പണ്‍ ബോക്‌സ് ഡെലിവറി പോലുള്ള സേവനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചതും ഇതുപോലെയുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വില കൂടിയ സാധനങ്ങളുടെ പായ്ക്കറ്റ് തുറക്കുന്ന വേളയില്‍ വീഡിയോ ചിത്രീകരിക്കുന്നതും നല്ലതാണെന്നും ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ഉപഭോക്താക്കള്‍ പറയുന്നു.