ന്യൂദല്‍ഹി- ജാമ്യത്തില്‍ കഴിയുന്ന അനധികൃക ഖനനക്കേസ് പ്രതിയുടെ കര്‍ണാടകയിലെ ബിജെപി നേതാവുമായി ജനാര്‍ധനന്‍ റെഡ്ഡിയോട് സ്വന്തം തട്ടകമായി ബെല്ലാരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സഹോദരന്‍ സോമശേഖര റെഡ്ഡിക്കു വേണ്ടി പ്രചാരണം നടത്താനും മേയ് 12-നു വോട്ടു രേഖപ്പെടുത്താനും 10 ദിവസത്തേക്ക് ബെല്ലാരിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ജനാര്‍ദന റെഡ്ഡി കോടതിയെ സമീപിച്ചത്.
ജനുവരിയിലും ഇതേ ആവശ്യമവുമായി റെഡ്ഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. സുഹൃത്ത് ബി ശ്രീരാമുലുവിനു വേണ്ടി മൊലകമുറു മണ്ഡലത്തില്‍ റെഡ്ഡി സജീവമായി ബിജെപിക്കു വേണ്ടി പ്രചാരണ രംഗത്തുണ്ട്. ബെല്ലാരി ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് സഹോദരനു വേണ്ടിയുള്ള പ്രചാരണങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിക്കുന്നത്. ജനാര്‍ധന റെഡ്ഡിക്ക് ബിജെപി പ്രചാരണവുമായി ഒരു ബന്ധവുമില്ലെന്ന് പാര്‍്ട്ടി ദേശീയ അധ്യക്ഷന്‍ അമത് ഷാ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം സജീവമായി തന്നെ രംഗത്തുണ്ട്. ജനാര്‍ധന റെഡ്ഡി സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പയുടെ പ്രതികരണം.
അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് ബെല്ലാരി, അനന്തപൂര്‍, കഡപ്പ എന്നീ ജില്ലകളില്‍ പ്രവേശിക്കുന്നതിന് റെഡ്ഡിക്ക് വിലക്കുണ്ട്. തെളിവുനശിപ്പിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സുപ്രീം കോടതി റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട പല കേസുകളിലായി സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.