അലിഗഡ്- അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് അതിക്രമിച്ചു കയറിയ സംഘപരിവാര്‍ സംഘടനകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി പ്രതിഷേധത്തില്‍. ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്ക് ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കുമെന്നറിയിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതോടെ അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് യുണിവേഴ്‌സിറ്റിയിലെ ഇന്റര്‍നെറ്റ് ബന്ധം രണ്ടു ദിവസത്തേക്ക് വിച്ഛേദിക്കാന്‍ ഉത്തരവിട്ടു.
യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഹാളില്‍ 1938-ല്‍ സ്ഥാപിച്ച മുഹമ്മദലി ജിന്നയുടെ ഛായാ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെടുന്നതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ വിദ്യാര്‍ത്ഥി യൂണിയനില്‍ സ്ഥിരാംഗത്വം ലഭിച്ച ജിന്നയുടെ ഈ ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്നും ഇതു ചരിത്രത്തിന്റെ ഭാഗമാണെന്നുമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നിലപാട്. ജിന്ന യൂണിവേഴ്‌സിറ്റി സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. ജിന്ന ഞങ്ങളുടെ ആരാധനാ പാത്രമല്ലെന്നും അതേസമയം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ് അദ്ദേഹമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കുന്ന പരിപാടി ക്യാമ്പസില്‍ നടക്കുന്നതിനിടെയാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ മുഖ്യ കവാടത്തിലൂടെ ക്യാമ്പസിലേക്ക് അതിക്രമിച്ചു കയറി ആക്രമണമഴിച്ചു വിട്ടത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. അന്‍സാരിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ഒരുക്കിയില്ലെന്നും വി്ദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.