ജയ്പുര്‍- ലിവ് ഇന്‍ ബന്ധത്തില്‍ തുടരുന്നവരുടെ വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഒന്നിച്ചു താമസിക്കുന്ന സ്ത്രീയും പുരുഷനും നല്‍കിയ ഹരജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പുര്‍ ബെഞ്ചിന്റെ നിരീക്ഷണം.
ജീവനു സുരക്ഷയും വ്യക്തിസ്വാതന്ത്ര്യത്തിനു പരിരക്ഷയും തേടിയാണ് ലിവ് ഇന്‍ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. കുടുംബാംഗങ്ങളില്‍നിന്ന് തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്ന് ഹരജിയില്‍ ബോധിപ്പിച്ചു.
ഭാര്യയെ നഷ്ടപ്പെട്ട പരുഷനും ഭര്‍ത്താവ് മരിച്ച സ്ത്രീയും ഒരുമിച്ചാണ് താമസം. പുരുഷന്റെ കുടുംബാംഗങ്ങളാണ് ഇതിനെ എതിര്‍ക്കുന്നത്. കുടുംബാംഗങ്ങള്‍ തങ്ങളെ അപകടപ്പെടുത്താനിടയുണ്ടെന്നും സുരക്ഷ നല്‍കാന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.
ഹരജിക്കാരുടെ സുരക്ഷയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്നും ഉറപ്പു വരുത്താന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി. ആരെങ്കിലും നിയമം കയ്യിലെടുത്ത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരമൊരു സാഹചര്യത്തില്‍ നിയമം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കോടതി പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിര്‍വചിക്കപ്പെടേണ്ടത് ഭരണഘടനാ ധാര്‍മികതയുടെ അടിസ്ഥാനത്തിലാണെന്നും സമൂഹത്തിന്റെ ധാര്‍മികതയല്ല അതിനെ നയിക്കേണ്ടതെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കപ്പുറം രണ്ടു വ്യക്തികള്‍ക്കു തെരഞ്ഞെടുക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും ഉണ്ടെന്ന് കോടതി പറഞ്ഞു.