ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. 137 വര്‍ഷത്തെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെയാളായി ഖാര്‍ഗെ മാറി. 24 വര്‍ഷത്തിനുശേഷം അധ്യക്ഷപദവി ഗാന്ധികുടുംബത്തിനുപുറത്ത് ഒരാള്‍ വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30ന് തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗെയ്ക്ക് വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി. പിന്നാലെ സോണിയാ ഗാന്ധിയില്‍നിന്ന് അധികാരമേറ്റെടുത്തു.
അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുമ്പായി ബുധനാഴ്ച രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ചടങ്ങിന് സാക്ഷിയായി മുന്‍അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി എന്നിവരും ഉണ്ടായിരുന്നു. ദീപാവലിയും അധ്യക്ഷന്റെ സ്ഥാനാരോഹണവും പ്രമാണിച്ച് മൂന്നുദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധിനല്‍കിയാണ് രാഹുല്‍ ഡല്‍ഹിയിലെത്തിയത്. വ്യാഴാഴ്ച തെലങ്കാനയില്‍ യാത്രതുടരും. അധ്യക്ഷതിരഞ്ഞെടുപ്പിലെ തോല്‍വിയിലും തിളങ്ങിയ ശശി തരൂരും ഖാര്‍ഗെ ചുമതലയേല്‍ക്കുന്ന പരിപാടിയില്‍ പങ്കെടുത്തു.
ബുധനാഴ്ച വൈകീട്ട് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാവും ഖാര്‍ഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. രമേശ് ചെന്നിത്തലയാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍.