കോഴിക്കോട്- ആശുപത്രിയില്‍ കഴിയുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ ആരോഗ്യനിലയില്‍ ക്രമാനുഗത പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്.
ചികിത്സാ പുരോഗതിയെ കുറിച്ച് നേതക്കളുമായും കുടുംബാംഗങ്ങളുമായും മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഡോ. അലി ഫൈസല്‍ വിശദീകരിച്ചു. വിവരം മര്‍ക്കസ് സഖാഫത്തി സുന്നിയ്യ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
ഒക്ടോബര്‍ ഒമ്പതിനാണ് രക്ത സമ്മര്‍ദ്ദം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് കാന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ നടത്തിയ ചികിത്സളെ കുറിച്ചും പുരോഗതിയെ കുറിച്ചും തുടര്‍ ചികിത്സയെ പറ്റിയും ഡോ. അലി ഫൈസല്‍ വിശദീകരിച്ചു.
മെഡിക്കല്‍ ബോര്‍ഡ് നിരീക്ഷണത്തില്‍ രണ്ടാഴ്ചവരെ പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിലവിലുള്ള വിലക്ക് തുടരും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സി. പി. സൈതലവി, യൂസുഫ് ഹൈദര്‍ ഡോ. ശിഹാബ്, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. ഇസ്മാഇല്‍, എന്നിവരും യോഗത്തില്‍ പങ്കെടുത്തു.