മഡ്രീഡ് ഒന്നുറപ്പായി, ആഴ്സനലിൽ ആഴ്സൻ വെംഗറുടെ വിടവാങ്ങൾ കാറ്റൊഴിഞ്ഞ ബലൂൺ പോലെ നനഞ്ഞൊടുങ്ങും. ടീം യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടുന്നതു കണ്ട് 22 വർഷത്തെ തന്റെ ഉജ്വലമായ ആഴ്സനൽ കരിയർ അവസാനിപ്പിക്കാമെന്ന ഫ്രഞ്ചുകാരന്റെ മോഹം അത്ലറ്റിക്കൊ മഡ്രീഡ് ഗ്രൗണ്ടിൽ പൊലിഞ്ഞടങ്ങി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡിയേഗൊ കോസ്റ്റ നേടിയ ഗോളിൽ ആഴ്സനലിനെ തോൽപിച്ച് അത്ലറ്റിക്കൊ യൂറോപ്പ ഫൈനലിലേക്ക് ചുവട് വെച്ചു. ആദ്യ പാദത്തിൽ ആഴ്സനൽ ഒരു ഗോൾ ലീഡ് തുലക്കുകയായിരുന്നു. അവസാന വേളയിൽ അന്ന് ഗോൾ മടക്കിയ അത്ലറ്റിക്കൊ രണ്ടാം പാദത്തിൽ ഗോളടിക്കുകയും പ്രതിരോധക്കോട്ട കെട്ടി ലീഡ് സംരക്ഷിക്കുകയും ചെയ്തു.
ആഴ്സനൽ കരിയറിലൊരിക്കലും വെംഗർ യൂറോപ്യൻ കിരീടം നേടിയിട്ടില്ല. സമീപകാലത്ത് ഇംഗ്ലണ്ടിലും കിരീടവരൾച്ചയുടെ നീണ്ട കാലമായിരുന്നു. വിരമിക്കുന്ന അവസാന സീസണിലും അതിനു മാറ്റമുണ്ടാവില്ല. വെംഗറുടെ കീഴിൽ ആഴ്സനൽ എങ്ങനെയെന്നതിന്റെ നേർചിത്രമായിരുന്നു ഈ കളിയിലും. എപ്പോഴെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷ ഉടനീളം അന്തരീക്ഷത്തിലുണ്ടായിരുന്നു, ഒരിക്കലും അത് സംഭവിച്ചതേയില്ല. അത്ലറ്റിക്കോയുടെ പ്രതിരോധം തകർക്കാനുള്ള വകയൊന്നും ആഴ്സനലിന്റെ കൈയിലുണ്ടായിരുന്നില്ല. വെറും രണ്ട് വിജയങ്ങൾക്കരികെ കിരീടം ആഴ്സനലിൽ നിന്ന് അകന്നു.
ക്യാപ്റ്റൻ ലോറന്റ് കോഷിയൻലിയുടെ പരിക്ക് ആഴ്സനലിന്റെ രാവിനെ കൂടുതൽ മ്ലാനമാക്കി. ഫ്രഞ്ചുകാരന് ലോകകപ്പ് നഷ്ടപ്പെടുമെന്ന് ഏതാണ്ടുറപ്പായി. എവേ ഗോളിൽ റെഡ് ബുളിനെ തോൽപിച്ച മാഴ്സെയുമായാണ് അത്ലറ്റിക്കൊ ഫൈനൽ കളിക്കുക. ഈ മാസം 16 ന് ഫ്രാൻസിലാണ് ഫൈനൽ.