തിരുവനന്തപുരം- സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശവുമായി ഡി.ജി.പി അനില്‍ കാന്ത്. ജില്ലാ പോലീസ് മേധാവിമാരുടെയും റേഞ്ച് ഡി.ഐ.ജിമാരുടെയും സോണ്‍ ഐ.ജിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് പുതിയ നിര്‍ദേശം. ബലപ്രയോഗം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം. കേസുകളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ കൊണ്ടുവരുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.
വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്മാര്ക്കുമായിരിും. ഇത്തരം കേസുകളില്‍ കേരള പോലീസ് ആക്ടില്‍ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്നും യോഗത്തില്‍ ഡി.ജി.പി അനില്‍കാന്ത് ആവശ്യപ്പെട്ടു.