Sorry, you need to enable JavaScript to visit this website.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

തിരുവനന്തപുരം- പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് മൊഴി നല്‍കാന്‍ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പരാതിക്കാരിയോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് െ്രെകംബ്രാഞ്ച്. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് െ്രെകംബ്രാഞ്ച് ആവശ്യം. തെളിവ് ശേഖരണത്തിന് എല്‍ദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.

കഴിഞ്ഞദിവസങ്ങളിലെ ചോദ്യംചെയ്യലുകളില്‍ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അഞ്ചു ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത്, സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയെ അപകീര്‍ത്തിപ്പെടുത്തരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്.
അധ്യാപികയായ യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് എല്‍ദോസിനെതിരെ നേരത്തെ ചുമത്തിയിരിക്കുന്നത്. ഏഴ് സ്ഥലങ്ങളില്‍ വെച്ച് എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

 

Latest News