ന്യൂദല്‍ഹി- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തി അതിസമ്പന്നയാണ്. ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളായ അക്ഷത, അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്‍ഫോസിസ് 2022 അക്ഷതക്ക് ലാഭവിഹിതമായി നല്‍കിയത് 126.61 കോടി രൂപയാണ്.
ഇന്‍ഫോസിസില്‍ അക്ഷതക്ക് സെപ്റ്റംബര്‍ അവസാനത്തില്‍ 3.89 കോടി ഓഹരികള്‍ (0.93 ശതമാനം ഓഹരികള്‍) ആണുള്ളത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ചൊവ്വാഴ്ചത്തെ ട്രേഡിംഗ് വിലയായ 1,527.40 രൂപ വെച്ച് കണക്കാക്കുമ്പോള്‍ ഏകദേശം 5,956 കോടി രൂപയാണ് അക്ഷിതയുടെ ഓഹരിയുടെ മൂല്യം.
ഈ വര്‍ഷം മെയ് 31ന് ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 16 രൂപ വീതമാണ് ലാഭവിഹിതം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 16.5 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലാഭവിഹിതവും ചേര്‍ത്ത് ഒരു ഓഹരിക്ക് 36.5 രൂപ നിരക്കില്‍ 126.61 കോടി രൂപ അക്ഷതക്ക് ലാഭവിഹിതമായി ലഭിക്കും.
ഓഹരി ഉടമകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്. 2021 ഒരു ഒഹരിക്ക് മൊത്തം 30 രൂപയാണ് അവര്‍ ലാഭവിഹിതം നല്‍കിയത്.