ന്യൂദല്‍ഹി- ബിജെപി ഭരണത്തിന്‍ കീഴില്‍ രാജ്യ വ്യാപകമായി ദളിതര്‍ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമായതോടെ മുഖം മിനുക്കല്‍ പദ്ധതിയുമായി രംഗത്തിറങ്ങിയ ബിജെപി നേതാക്കള്‍ക്ക് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ കൊട്ട്. ദളിത് വീടുകളില്‍ പോയി അവരോടൊപ്പം ഭക്ഷണം കഴിച്ചത് കൊണ്ടു മാത്രമായില്ലെന്നും ജാതി വിവേചനം ഉന്മൂലനം ചെയ്യാന്‍ ഇടപെടലും പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങണമെന്നും ബിജെപി നേതാക്കളെ അദ്ദേഹം ഉപദേശിച്ചു. ദളിതരെ സ്വന്തം വീട്ടില്‍ ക്ഷണിച്ചുവരുത്തി ഭക്ഷണം നല്‍കണമെന്നും അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു.
ദളിതരുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ ബിജെപി പ്രഖ്യാപിച്ച ഗ്രാം സ്വരാജ് അഭിയാന്‍ പദ്ധതിയെക്കുറിച്ചാണ് ഭാഗവതിന്റെ പരാമര്‍ശം. പട്ടിക വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ദളിതരുടെ വീടുകളില്‍ ചെന്ന് അല്‍പ്പം സമയം ചെലവഴിക്കാന്‍ ബിജെപി നേതാക്കള്‍ തയാറാകാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ദളിത് വീടുകള്‍ അത്താഴവും പ്രാതലുമായി പലയിടത്തും ബിജെപി മന്ത്രിമാരും എംഎല്‍എമാരും രംഗത്തിറങ്ങിയത്.
ഇത് വെറുമൊരു ഫോട്ടോഎടുക്കല്‍ പരിപാടി മാത്രമായി മാറിയെന്നും ദളിത് വീടുകളില്‍ പോയി ഭക്ഷണം കഴിച്ച ബിജെപി നേതാക്കള്‍ ദളിതരെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു ഭക്ഷണം നല്‍കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ബുധനാഴ്ച മുംബൈയില്‍ നടന്ന സംഘപരിവാര്‍ സംഘടനകളുടെ ഒരു യോഗത്തിലാണ് ഭാഗവത് ഇങ്ങനെ പറഞ്ഞത്. ഈ യോഗത്തില്‍ പങ്കെടുത്ത വി എച്ച് പി നേതാവ് അലോക് കുമാറും ഭാഗവതിന്റെ അഭിപ്രായത്തെ പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്.