Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ ചരക്കെന്നു വിളിച്ച ബിസിനസുകാരന് ഒന്നര വര്‍ഷം ജയില്‍

മുംബൈ- പെണ്‍കുട്ടിയെ ചരക്ക് എന്ന് വിളിച്ച പ്രതിക്ക് മുംബൈയിലെ പോക്‌സോ കോടതി ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയെ ഒരു വസ്തുവായി പരാമര്‍ശിക്കുന്നത് പ്രതിയുടെ ലൈംഗിക ഉദ്ദേശത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജഡ്ജി എസ്.ജെ അന്‍സാരി വിധിയില്‍ നിരീക്ഷിച്ചു. പതിനാറുകാരി സ്‌കൂളിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം.
25 കാരനായ ബിസിനസുകാരനാണ് അവളുടെ മുടിയില്‍ പിടിച്ചു കൊണ്ട് ചരക്കേ എവിടെ പോകുന്നുവെന്ന് ചോദിച്ചത്. ലൈംഗിക ഉദ്ദേശത്തോടെ ഇയാള്‍ ഒരു മാസത്തോളം പെണ്‍കുട്ടിയെ പിന്തുടര്‍ന്നുവെന്നും കോടതി നിരീക്ഷിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന പ്രതിയുടെ വാദം ജഡജി തള്ളി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ സൗഹൃദത്തിന് എതിരായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
2015 ജൂലൈ 14 ന് ഉച്ചയ്ക്ക് 1:30 ന് താന്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ പ്രതി താന്‍ പോകുന്ന ഇടവഴിയില്‍ ഇരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
ഈ വര്‍ഷം ജൂലൈയില്‍ മാത്രമാണ് പെണ്‍കുട്ടി പോക്‌സോ കോടതിയില്‍ മൊഴി നല്‍കിയത്.  പ്രതി  ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 100 ഡയല്‍ ചെയ്തിരുന്നുവെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

 

Latest News