ഇസ്ലാമാബാദ്- മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കില്ലെന്ന് പാകിസ്ഥാന്‍ ഹൈക്കോടതി. സ്വത്ത് വിവരം മറച്ചുവെച്ചതിന് 70 കാരനായ ഖാനെ വെള്ളിയാഴ്ച പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ.സി.പി) അയോഗ്യനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ അദ്ദേഹം ഹരജി നല്‍കി.
ഭാവി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ഖാനെ വിലക്കിയിട്ടില്ലെന്നും ഒക്ടോബര്‍ 30 ന് ഖൈബര്‍പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുറം ജില്ലയില്‍ മത്സരിക്കാന്‍ യോഗ്യനാണെന്നും ചീഫ് ജസ്റ്റിസ് അത്താര്‍ മിനല്ല നിരീക്ഷിച്ചു.
ഇംറാന്‍ ഖാന്‍ ആ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനല്ല... എല്ലാവര്‍ക്കും ഒരു മാനദണ്ഡം വേണം. ഈ കേസില്‍ തിടുക്കം കൂട്ടേണ്ട കാര്യമില്ല- കേസ് വേഗം പരിഗണിക്കണമെന്ന് ഖാന്റെ അഭിഭാഷകന്‍ ബാരിസ്റ്റര്‍ അലി സഫര്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.