കോയമ്പത്തൂര്‍- കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളില്‍ സ്ഫോടനം. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ് ബിരുദധാരിയായ ജമേഷ് മുബിനാ(25)ണ് മരിച്ചത്.
2019ല്‍ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടനത്തിന് ശേഷവും പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി തകര്‍ന്നു. പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും കണ്ടെടുത്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു. കോയമ്പത്തൂര്‍ ജില്ലയിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് സംഭവസ്ഥലം പരിശോധിച്ച ശേഷം ഡിജിപി പറഞ്ഞു. പൊട്ടാത്തതുള്‍പ്പെടെ രണ്ട് എല്‍പിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം മില്‍ക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തില്‍ കണ്ണന്‍ പുലര്‍ച്ചെ നാല് മണിയോടെ കട തുറക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്‍ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പോലീസ് പറഞ്ഞു. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതും തടഞ്ഞു. കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്റേതാണ് കാര്‍ എന്നും സൂചനയുണ്ട്.