ലണ്ടന്‍ - ബ്രിട്ടിഷ് പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിസ് ട്രസിനോട് പരാജയം ഏറ്റുവാങ്ങി സുനക് അവസാന റൗണ്ടില്‍ പുറത്തായിരുന്നു. മത്സരിക്കാന്‍ 100 എം.പിമാരുടെ പിന്തുണ വേണമെന്നിരിക്കെ സുനക്കിനെ 128 പേര്‍ പിന്തുണക്കുന്നു.
സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നൂറു പേരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനോടകം 55 എം.പിമാരുടെ പിന്തുണ ലഭിച്ചു കഴിഞ്ഞ ബോറിസിന് നൂറു തികയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. ബോറിസ്-സുനാക് മത്സരം വരുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളില്‍ ലിസ് ട്രസിനോടു തോറ്റ പെനി മോര്‍ഡന്റ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെന്നി മോര്‍ഡന്റിന് 23 എം.പിമാരുടെ പരസ്യ പിന്തുണയേ ഉള്ളൂ. ഏറെ പണിപ്പെട്ടാലും മത്സരിക്കാന്‍ ആവശ്യമായ 100 എം.പിമാരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. അതിനാല്‍ തന്നെ ഇടക്ക് പിന്മാറി ഇവര്‍ ബോറിസിനോ ഋഷിക്കോ പിന്തുണ നല്‍കാനുള്ള സാധ്യതയാണ് ഏറെയും. ഈ പിന്തുണ ആര്‍ക്കായാലും അത് നിര്‍ണായകമാവും.
വേറെയും സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ 1.7 ലക്ഷം പാര്‍ട്ടി അംഗങ്ങളുടെ ഓണ്‍ലൈന്‍ വോട്ട് നിര്‍ണായകമാകും.