Sorry, you need to enable JavaScript to visit this website.

ചടയമംഗലം മന്ത്രവാദ കേസ്: ജബ്ബാറിനെതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലം- ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുല്‍ ജബ്ബാറിനെതിരെ പോലീസില്‍ വീണ്ടും പരാതി. ജബ്ബാറിന്റെ സഹായി സിദ്ദീഖിന്റെ ഭാര്യയാണ് പരാതിക്കാരി. മയക്കുമരുന്ന് നല്‍കി പൂജ ചെയ്യാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും സിദ്ദിഖിന്റെ ഭാര്യ പറയുന്നു. തന്റെ 13കാരിയായ ഇളയ സഹോദരിയെ കന്യകാ പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടെന്നും സിദ്ധിക്കും ജബ്ബാറും കൂട്ടാളികളും ചേര്‍ന്ന് തമിഴ്‌നാട്ടിലേക്കു കൂട്ടികൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നും ഇവര്‍ വെളിപ്പെടുത്തി.
അബ്ദുള്‍ ജബ്ബാര്‍ 27പവന്‍ സ്വര്‍ണം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പാണ് ചെറിയ വെളിനല്ലൂര്‍ സ്വദേശിയായ യുവതിയെ ജബ്ബാറിന്റെ സഹായി സിദ്ദിഖ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു മൂന്നു ദിവസം ആയപ്പോള്‍ തന്നെ മയക്കുമരുന്ന് നല്‍കി തന്നെ മന്ത്രവാദത്തിനു ജബ്ബാറിന്റെ വീട്ടില്‍ എത്തിച്ചുവെന്നും യുവതി പറഞ്ഞു.
 സഹോദരിയെ തമിഴ്‌നാട്ടിലേക്കു കൂട്ടികൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കള്‍ കുട്ടിയെ വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു.  എട്ടു മാസങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കര റൂറല്‍ എസ്.പിക്കും വനിതാ കമ്മീഷനിലു  ചടയമംഗലം പോലീസിലും പരാതി നല്‍കിയിരുന്നു.
എന്നാല്‍ തങ്ങള്‍ക്കു യാതൊരു നീതിയും കിട്ടിയില്ലെന്നു പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.അബ്ദുള്‍ ജബ്ബാറിനെതിരെ പുതിയ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളെ ചടയമംഗലം പോലീസില്‍ വിളിച്ചു വരുത്തി മൊഴി രേഖപെടുത്തി. ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ചടയമംഗലം സി.ഐ പറഞ്ഞു.

 

Latest News