Sorry, you need to enable JavaScript to visit this website.

യു.പിയിലെ ദയൂബന്ദ് ദാറുല്‍ ഉലൂം അംഗീകാരമില്ലാത്ത മദ്രസയെന്ന് അധികൃതര്‍

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ പ്രശസ്തമായ ദയൂബന്ദ് ദാറുല്‍ ഉലൂമിനെ അനധികൃത മദ്രസയായി പ്രഖ്യാപിച്ചു. മദ്രസകളെ കുറിച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് സഹാരന്‍പൂര്‍ ജില്ലാ ഉദ്യോഗസ്ഥരാണ് പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദയൂബന്ദിലെ ദാറുല്‍ ഉലൂമിനെ അംഗീകാരമില്ലാത്ത മദ്രസയായി പ്രഖ്യാപിച്ചത്.
ജില്ലയില്‍ 306 അംഗീകാരമില്ലാത്ത മദ്രസകളുണ്ടെന്നും ജില്ലാ ഉദ്യോഗസ്ഥര്‍  റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കണ്ടെത്തിയ 306 അനധികൃത മദ്രസകളെക്കുറിച്ചുള്ള വിവരങ്ങള്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് അയച്ചു. ദാറുല്‍ ഉലൂം ദയൂബന്ദ് നിയമവിരുദ്ധ മദ്‌റസയാണെന്നും  സ്‌കോളര്‍ഷിപ്പുകളും മറ്റ് സ്‌കീമുകളും തടയുമെന്നും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ ഭരത് ലാല്‍ ഗോണ്ട് പറഞ്ഞു.
മദ്രസ സ്ഥാപിതമായ വര്‍ഷം, നടത്തുന്ന സൊസൈറ്റി, മദ്രസയുടെ പേര്, വരുമാന സ്രോതസ്സ്, ഭരണനിര്‍വഹണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ 7,000 അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അംഗീകാരമില്ലാത്ത മദ്‌റസകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ചാല്‍ അംഗീകാരം നല്‍കാനാണ് സര്‍വേ നടത്തുന്നത്.
നവംബര്‍ 15ന്  ജില്ലാ മജിസ്‌ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ അംഗീകാരമില്ലാത്ത മദ്രസകളുടെ അന്തിമ പട്ടിക പുറത്തുവിടൂ.
യഥാര്‍ത്ഥ കണക്ക് കണ്ടെത്താനുള്ള പ്രക്രിയയ്ക്ക് ഇനിയും സമയമെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

 

Latest News