Sorry, you need to enable JavaScript to visit this website.

പ്രണയിക്കാനും വേണ്ടെന്നുവെക്കാനും സ്ത്രീക്കും അവകാശമുണ്ട്-മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം- കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ ഫേസ് ബുക്ക് പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നില്‍ നിന്ന് മായുന്നില്ലെന്നും അവള്‍ ആക്രമിക്കപെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പതിന്മടങ്ങു വേദന അതിന് മുന്‍പുള്ള ദിവസങ്ങളില്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നും ആര്യ പറഞ്ഞു.
ജീവിതത്തില്‍ 'യെസ്' എന്ന് മാത്രമല്ല 'നോ' എന്നുകൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് 'പ്രണയം'. പ്രണയം പറയാനും പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാര്‍ ഈ നാട്ടില്‍ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം. ഒരു പെണ്‍കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാല്‍ അവള്‍ക്കുനേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആള്‍ക്കൂട്ട ആക്രമണത്തെയും വരെ അവള്‍ നേരിടേണ്ടിവരും. ഇതിനെല്ലാം ചികിത്സ നല്‍കിയില്ലെങ്കില്‍ നാളെ മറ്റേതെങ്കിലും ഒരു പെണ്‍കുട്ടി ഇരയാകുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നില്‍ നിന്ന് മായുന്നില്ല. അവള്‍ ആക്രമിക്കപെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പതിന്മടങ്ങു വേദന അതിന് മുന്‍പുള്ള ദിവസങ്ങളില്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവര്‍ തിരിച്ചറിയുക. ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവള്‍ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാര്‍ ഈ നാട്ടില്‍ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം. അത് മാത്രമാണോ, ഒരു പെണ്‍കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാല്‍ അവള്‍ക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആള്‍ക്കൂട്ട ആക്രമണത്തെയും വരെ അവള്‍ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേള്‍വികളുടെ മാത്രം ബലത്തില്‍ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാന്‍ സാമൂഹ്യമാധ്യമത്തിലൂടെ അവള്‍ക്ക് നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറേ ആങ്ങളമാര്‍ ഉണ്ട് ഇക്കാലത്ത്. ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നല്‍കിയില്ലെങ്കില്‍ നാളെ മറ്റേതെങ്കിലും ഒരു പെണ്‍കുട്ടി ഇരയാവുക തന്നെ ചെയ്യും.
ജീവിതത്തില്‍ yes എന്ന് മാത്രമല്ല No എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് 'പ്രണയം'. അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്‌നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം. ഏറ്റവും പ്രധാനം അത്തരം ചിന്തകള്‍ക്കും പറച്ചിലുകള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏര്‍പ്പാട് അവസാനിപ്പിക്കണം.

 

Latest News