ന്യൂദൽഹി-രാഷ്ട്രപതിയിൽനിന്നല്ലാതെ മറ്റാരിൽനിന്നും അവാർഡ് സ്വീകരിക്കില്ലെന്ന നിലപാടിൽ ദേശീയ ഫിലിം പുരസ്‌കാരം ജേതാക്കൾ ഉറച്ചുനിൽക്കുന്നു. പതിനൊന്ന് പേർക്ക് മാത്രമേ പ്രസിഡന്റ് അവാർഡ് നൽകൂവെന്നും ബാക്കിയുള്ളവർ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനി അവാർഡ് നൽകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാലം വരെ ഇങ്ങിനെ ഒരു നടപടിയുണ്ടായിട്ടില്ലെന്നും പ്രസിഡന്റിൽനിന്ന് മാത്രമേ അവാർഡ് സ്വീകരിക്കുവെന്നുമുള്ള നിലപാടിൽ മറ്റ് അവാർഡ് ജേതാക്കൾ ഉറച്ചുനിൽക്കുകയാണ്. തങ്ങളെ അപമാനിക്കുന്നതായി തോന്നുന്നുവെന്ന് അവാർഡ് ജേതാക്കൾ പറഞ്ഞു. അവാർഡ് സ്വീകരിക്കുന്നതിനായി ജേതാക്കൾ ഇന്നലെ തന്നെ ദൽഹിയിൽ എത്തിയിരുന്നു. അവാർഡ് സ്വീകരിക്കുന്നതിന്റെ റിഹേഴ്‌സലും പൂർത്തിയാക്കിയിരുന്നു.
ദേശീയ അവാർഡ് വിതരണത്തിന്റെ 65 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരം രീതിയെന്നും ഇത് വഞ്ചനയാണെന്നുമാണ് അവാർഡ് ജേതാക്കളുടെ പ്രതികരണം. ഇത് സംബന്ധിച്ച് മുഴുവൻ ജേതാക്കളും ഒപ്പിട്ട കത്തും ബന്ധപ്പെട്ടവർ കൈമാറി. എന്നാൽ, പതിനൊന്ന് പേർക്ക് മാത്രമേ പ്രസിഡന്റ് നേരിട്ട് അവാർഡ് നൽകൂവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഷ്ട്രപതി ഭവൻ.