ന്യൂദല്‍ഹി- തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഇന്ത്യ വിടാന്‍ ശ്രമിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു.
നടിയുടെ ജാമ്യാപേക്ഷ ദല്‍ഹി കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ഇ.ഡി ഇക്കാര്യം ബോധിപ്പിച്ചത്.
അന്വേഷണത്തിനിടയില്‍ തന്റെ സെല്‍ ഫോണില്‍ നിന്ന് ഡാറ്റ ഇല്ലാതാക്കി തെളിവുകള്‍ നശിപ്പിക്കാന്‍ നടി ശ്രമിച്ചുവെന്നും ജാക്വിലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഏജന്‍സി അവകാശപ്പെട്ടു. ജാക്വലിന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി ആരോപിച്ചു. രാജ്യം വിടാന്‍ പോലും ശ്രമിച്ചെങ്കിലും ലുക്ക് ഔട്ട് സര്‍ക്കുലറാണ് തടസ്സമായതെന്നും ഏജന്‍സി വ്യക്തമാക്കി.
കേസില്‍ ജാക്വിലിന്റെ ജാമ്യാപേക്ഷയില്‍ ഇ.ഡിയുടെ മറുപടി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷൈലേന്ദര്‍ മാലിക് രേഖപ്പെടുത്തി. നടിയുടെ ഇടക്കാല ജാമ്യം നീട്ടിയ കോടതി കേസ് നവംബര്‍ 10 ലേക്ക് മാറ്റി. കുറ്റപത്രവും മറ്റ് പ്രസക്തമായ രേഖകളും എല്ലാ കക്ഷികള്‍ക്കും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ മാസം ജാക്വിലിന് 50,000 രൂപയുടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സുകേഷിനെതിരായ 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുബന്ധ കുറ്റപത്രത്തില്‍ തന്നെ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് അവര്‍ ഹരജി നല്‍കിയത്. ഡിസൈനര്‍ ബാഗുകള്‍, ആഭരണങ്ങള്‍, കാര്‍ തുടങ്ങിയ വിലകൂടിയ സമ്മാനങ്ങള്‍ സുകേഷില്‍നിന്ന് നടിക്ക് ലഭിച്ചിരുന്നു. വിവിധ അവസരങ്ങളില്‍ സ്വകാര്യ ജെറ്റ് യാത്രകളും ഹോട്ടല്‍ താമസവും സുകേഷ് ഒരുക്കിയിരുന്നുവെന്നും പറയുന്നു.