തിരുവനന്തപുരം- കേരളത്തിൽ സന്ദർശനത്തിനെത്തിയ വിദേശവനിത ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനത്തുറ ഉമേഷ്, ഉദയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നേരത്തെ പോലീസ് കസ്റ്റഡിയിലുള്ളവരായിരുന്നു. രണ്ടുപേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലിഗയുടെ മൃതദേഹം ഇന്ന് വൈകിട്ട് തൈക്കാട് ശ്മശാനത്തിൽ സംസ്‌കരിക്കും. മുടിയിഴകളും വിരലടയാളങ്ങളും പ്രതികളുടേതാണെന്ന് നേരത്തെ രാസപരിശോധന ഫലം വ്യക്തമാക്കിയിരുന്നു.
ലിഗ ശാരീരിക പീഡനത്തിന് ഇരയാക്കിയതായി നേരത്തെ രാസപരിശോധന ഫലം പുറത്തുവന്നിരുന്നു. കോവളത്തിലെത്തിയ ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന് വ്യാജേന തെറ്റിദ്ധരിപ്പിച്ചാണ് കണ്ടൽകാട്ടിൽ എത്തിച്ചത്. ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞാണ് ഇവിടേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കണ്ടൽക്കാട്ടിനകത്ത് വെച്ച് ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.