ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗികളുടെ കുടുംബങ്ങള്‍ക്ക് പ്ലേറ്റ്‌ലെറ്റുകളെന്ന പേരില്‍ രക്തത്തിലെ പ്ലാസ്മ വിറ്റതിന് 10 പേരെ പ്രയാഗ്‌രാജ് പോലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കി ബാധിച്ചു ചികിത്സക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്‌ലറ്റിനു പകരം അബദ്ധത്തില്‍ മധുര നാരങ്ങാ (മൊസംബി) ജ്യൂസ് കുത്തിവച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചിരുന്നു.
ഈ കേസിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇതിന്റെ പാക്കറ്റുകളില്‍ 'ജ്യൂസ്' ഉണ്ടായിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്ലാസ്മ പായ്ക്കറ്റുകളും കുറച്ച് പണവും മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായ 10 പേരും രക്തബാങ്കുകളില്‍നിന്ന് പ്ലാസ്മ എടുത്ത് പ്ലേറ്റ്‌ലെറ്റുകളെന്ന പേരില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുകയായിരുന്നു. രണ്ടും രക്തത്തിന്റെ ഘടകങ്ങളെങ്കിലും വ്യത്യസ്ത രോഗ ചികിത്സക്കായി ഉപയോഗിക്കുന്നു. ഡെങ്കിപ്പനി കേസുകളില്‍ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ ഉയര്‍ന്നിരുന്നു. ഇതു മുതലെടുത്ത് ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.