ഭോപ്പാല്‍-ക്രൂരമായ കുറ്റകൃത്യം ചെയ്തിട്ടും കുട്ടിയെ വെറുതെ വിടാന്‍ പ്രതി കാണിച്ച സൗമനസ്യം കണക്കിലെടുത്തി ബലാത്സംഗ കുറ്റവാളിയുടെ ജീവപര്യന്തം ശിക്ഷ മധ്യപ്രദേശ് ഹൈക്കോടതി കുറച്ചു.
ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍, ജസ്റ്റിസ് എസ് കെ സിങ് എന്നിവരടങ്ങിയ ഹൈക്കോടതി ഇന്‍ഡോര്‍ ബെഞ്ചാണ് പ്രതിയുടെ ജീവപര്യന്തം 20 വര്‍ഷമായി കുറച്ചത്.
നാല് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയുടെ ശിക്ഷ അയാള്‍ ഇതിനകം അനുഭവിച്ച ശിക്ഷയായി കുറയ്ക്കാന്‍ കഴിയുന്ന കേസായി ഈ കോടതി കാണുന്നില്ല.
എന്നിരുന്നാലും, ഇരയെ ജീവനോടെ വിടാന്‍ ദയ കാണിച്ചുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ജീവപര്യന്തം തടവ് 20 വര്‍ഷത്തെ കഠിന തടവായി കുറയ്ക്കാമെന്ന് കോടതി അഭിപ്രായപ്പെടുന്നു-ജഡ്ജിമാര്‍ പറഞ്ഞു. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇന്‍ഡോറിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവിലാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.
ഇരയുടെ വീടിനടുത്തുള്ള ടെന്റിലാണ് പ്രതി താമസിച്ചിരുന്നത്. മുത്തശ്ശി തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോയപ്പോള്‍ പെണ്‍കുട്ടിയെ
ഒരു രൂപ നല്‍കാനെന്ന പേരില്‍ പ്രതി തന്റെ കൂടാരത്തിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. മകളുടെ കരച്ചില്‍ കേട്ട് പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി.
കൂടാരത്തില്‍ കയറിയപ്പോള്‍ നഗ്നനായ പ്രതിയേയും നിലത്ത് ചോരയൊലിച്ച് കിടക്കുന്ന മകളേയും കണ്ടു. പ്രതി ഉടന്‍തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ബലാത്സംഗ കുറ്റം ചുമത്തിയത്.