ലഖ്‌നൗ - ഓയോ ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാലു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങള്‍ കൈക്കലാക്കിയ സംഘം പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഒയോ റൂംസ് ലിസ്റ്റിംഗില്‍ ഉള്‍പ്പെട്ട ഹോട്ടലിലാണ് സംഭവം. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
ഒയോ റൂംസ് ലിസ്റ്റിംഗിലുള്ള ഹോട്ടലുകളില്‍ മുറികള്‍ ബുക്കു ചെയ്തതിനു ശേഷം സംഘം അവിടെ ഒളിക്യാമറ സ്ഥാപിക്കും. പിന്നീട് അവിടെനിന്നു പോകും. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അതേ മുറികള്‍ ബുക്ക് ചെയ്യുകയും ക്യാമറകള്‍ തിരികെ എടുക്കുകയും ചെയ്യും. തുടര്‍ന്ന് ദൃശ്യങ്ങളിലുള്ള ദമ്പതികളെ ബന്ധപ്പെട്ട് പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
വിഷ്ണു സിംഗ്, അബ്ദുല്‍ വഹാബ്, പങ്കജ് കുമാര്‍, അനുരാഗ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അനധികൃത കോള്‍ സെന്റര്‍, വ്യാജ സിം കാര്‍ഡ്, തുടങ്ങി നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നാണ് വിവരം. പതിനൊന്നു ലാപ്‌ടോപുകളും 21 മൊബൈല്‍ ഫോണുകളും 22 എ.ടി.എം കാര്‍ഡുകളും പരിശോധനയില്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. രാജ്യമാകെ ഇവര്‍ക്ക് ശൃംഖലകളുണ്ടെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. ഇവരുടെ സംഘത്തില്‍ ഒരാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഒയോ റൂംസ് വെബ്‌സൈറ്റ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.