ന്യൂദല്‍ഹി- വനിതാ വിഭാഗത്തെ പിരിച്ചുവിട്ടഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിവാദത്തില്‍. രൂപീകരിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് വനിതാ വിഭാഗത്തെ പിരിച്ചുവിട്ടിരിക്കുന്നത്. ഈ നടപടിയെ അന്യായമെന്ന് പരസ്യമായി പരാതിപ്പെട്ടുകൊണ്ട് നിരവധി അംഗങ്ങള്‍ രംഗത്തുവന്നു.
ഹിജാബ് സംബന്ധിച്ച ബോര്‍ഡിന്റെ നിലപാടിനെച്ചൊല്ലി വനിതാ അംഗങ്ങളും എക്‌സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വനിതാ അംഗങ്ങളെ പിരിച്ചുവിടാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.
വനിതാ വിഗം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള
എഐഎംപിഎല്‍ബി ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയില്‍നിന്നുള്ള കത്ത് വനിതാ വിഭാഗം കണ്‍വീനര്‍ ഡോ. അസ്മ സെഹ്‌റയ്ക്ക് ഈ മാസം 11നാണ് ലഭിച്ചത്. വിംഗ് അംഗങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വനിതാ വിംഗ് താല്‍ക്കാലികമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്നും എക്‌സിക്യൂട്ടീവ് അംഗം കാസിം റസൂല്‍ ഇല്യാസ് പറഞ്ഞു. വിംഗ് പിരിച്ചുവിട്ടതിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അംഗങ്ങള്‍ സ്ത്രീകളെ തയ്യലും മറ്റും പഠിപ്പിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും ബോര്‍ഡിന്റെ പരിധിയില്‍ പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തുടങ്ങിയതായും കാസിം റസൂല്‍ ഇല്യാസ് പറഞ്ഞു.
പുരുഷന്മാര്‍ അസന്തുഷ്ടരായതിനാലാണ് ബോര്‍ഡ് പിരിച്ചുവിട്ടതെന്ന്
ബോര്‍ഡ് അംഗമായ ഹൈദരാബാദില്‍ നിന്നുള്ള തഹ്‌നിയത്ത് അത്തര്‍ തുറന്ന കത്തില്‍ പറഞ്ഞു. ബോര്‍ഡില്‍ 251ലധികം ജനറല്‍ അംഗങ്ങളുണ്ട്, അതില്‍ 30ഓളം സ്ത്രീകളാണ്. ഭരണസമിതിയായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 51 അംഗങ്ങളും അഞ്ച് വനിതാ അംഗങ്ങളുമുണ്ട്.
2022 മാര്‍ച്ചില്‍ രൂപീകരിച്ച നാലംഗ അന്വേഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് വനിതാ വിംഗിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് വിശദീകരണം. എന്നാല്‍ മുതിര്‍ന്ന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പല അംഗങ്ങളും എഐഎംപിഎല്‍ബിയുടെ തീരുമാനത്തെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ചു.
പിരിച്ചുവിടല്‍ ലജ്ജാകരമാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വനിതാ വ്യക്തിനിയമ ബോര്‍ഡിന്റെ സ്ഥാപകയും പ്രസിഡന്റുമായ ഡോ. ഷൈസ്ത ആംബര്‍ പറഞ്ഞു. 'ഇത് വളരെ നിര്‍ഭാഗ്യകരമാണ്. നമ്മുടെ സഹോദരിമാരുടെ കഴിവും സ്വാതന്ത്ര്യവും തടഞ്ഞു. ഈ നീക്കം ലിംഗസമത്വത്തിന് എതിരാണ്. ഇത് ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു.
ഈ നടപടി ബോര്‍ഡിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നുവെന്ന് മുത്തലാഖ് കേസിലെ ഹരജിക്കാരി കൂടിയായ ഭാരതീയ മുസ്ലീം ആന്ദോളനിലെ സാകിയ പറഞ്ഞു. 'സ്ത്രീകള്‍ കാര്യങ്ങള്‍ സ്വന്തം കൈകളിലേക്ക് എടുത്തതോടെ ബോര്‍ഡിന് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അവര്‍ക്ക് സ്ത്രീകളുടെ അവകാശങ്ങളുമായും സമത്വവുമായും യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളെ സമൂഹത്തിലെ രണ്ടാം തരം പൗരന്മാരായി പരിഗണിക്കണമെന്ന് നിലപാടുള്ള വനിതാ വിഭാഗത്തെയും താന്‍ കാര്യമായി പരിഗണിക്കുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.