വാട്‌സാപ്പില്‍ മോഡിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍

മലപ്പുറം- വാട്‌സാപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ വോയ്‌സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമര്‍ശം നടത്തുകയും കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത 18-കാരനെ പോത്തുകല്ല് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ സ്വദേശി അമ്പലക്കല്‍ ഷാഹുല്‍ ഹമീദ് ആണ് പിടിയിലായത്. വാട്‌സാപ്പ് ഹര്‍ത്താല്‍ അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് ഷാഹുല്‍ ഹമീദിനെ പിടികൂടിയത്. ഏപ്രില്‍ 22-നാണ് ഇയാള്‍ പ്രധാനമന്ത്രിക്കെതിരായി വിട്ട വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിച്ചത്.

പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതോടെ ഷാഹുല്‍ ഹമീദ് ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാകുകയും മൊബൈല്‍ ഫോണിലെ ചിത്രങ്ങളും സന്ദേശങ്ങളും മായ്ച്ചു കളയുകയും ചെയ്തിരുന്നു. പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 

Latest News