Sorry, you need to enable JavaScript to visit this website.

ഇത് ഒളിമ്പ്യൻ ഉഷയെ തോൽപ്പിച്ച രാധ; സന്തോഷ കണ്ണീരണിഞ്ഞ് സ്വീകരണം

കോഴിക്കോട് - ഉയർച്ചയുടെ പടവിലും അംഗീകാരം ലഭിക്കാതെ പോയ പഴയ കളിക്കൂട്ടുകാരിയെ ഓർത്തെടുത്ത് ഒളിമ്പ്യൻ പി.ടി ഉഷ എം.പി. രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പയ്യോളി നഗരസഭ ജന്മനാട്ടിൽ നൽകിയ സ്വീകരണത്തിലാണ് പി.ടി ഉഷ താൻ വളർന്നുവന്ന വഴികൾ ഓർത്തെടുത്തത്.
 തനിക്ക് സ്‌കൂൾ ജീവിതം തൊട്ട് ഓരോ അംഗീകാരത്തിലും വലിയ കയ്യടി കിട്ടിയെങ്കിലും തന്നെ തോൽപ്പിച്ച താരത്തിന് അത് കിട്ടാത്തതിലുള്ള സങ്കടം പങ്കുവെച്ചായിരുന്നു ഉഷയുടെ പ്രസംഗം. തന്നെ തോൽപ്പിച്ച ആ സ്പ്രിന്റ് റാണി എവിടെയാണെന്ന് അറിയില്ലെന്നു പറഞ്ഞ ഉടനെ ഉഷയെ തോൽപ്പിച്ച പഴയ കളിക്കൂട്ടുകാരി സ്റ്റേജിലെത്തി. വികാരനിർഭരമായിരുന്നു തുടർന്നുള്ള രംഗങ്ങൾ. പരസ്പരം കെട്ടിപ്പിടിച്ച് ഇരുവരും സന്തോഷക്കണ്ണീരൊഴുക്കിയതോടെ കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സംഘാടകർ ഉഷയുടെ പഴയ കളിക്കൂട്ടുകാരിയെ ഉടനെ സ്റ്റേജിൽതന്നെ കസേരയിട്ട് ആദരിച്ചു. 
 ഉഷ പഞ്ഞത് ഇങ്ങനെ:
 മേലടി സബ്ജില്ലാതല കായികമത്സരമാണ് വേദി. പയ്യോളി ഗവ. ഹൈസ്‌കൂൾ മൈതാനിയിലാണ് മത്സരങ്ങൾ. ഞാനന്ന് (ഉഷ) തൃക്കോട്ടൂർ എ.യു.പി സ്‌കൂളിൽ ഏഴാംക്ലാസിലാണ്. മേലടി ഭജനമഠം ഗവ. യു.പി സ്‌കൂളിലെ പി.കെ രാധയാണ് പ്രധാന എതിരാളി. 100 മീറ്ററിൽ ഞാൻ ജയിച്ചു. 200 മീറ്ററിലെ വാശിയേറിയ പോരിൽ എനിക്കു കാലിടറി. രാധ മുന്നിലെത്തി. മൈതാനി മുഴുവൻ ആരവമുയർന്നു. ഉഷ പിന്നെ ശബ്ദംതാഴ്ത്തി പറഞ്ഞു. എനിക്ക് വീട്ടുകാരും നാട്ടുകാരും സ്‌കൂളും മറ്റും അളവറ്റ പ്രോത്സാഹനം തന്നു. പക്ഷേ, പാവം ആ രാധയ്ക്ക് പ്രോത്സാഹനം നൽകാൻ ആരുമുണ്ടായില്ല. രാധ കായികരംഗത്ത് തുടർന്നിരുന്നെങ്കിൽ തനിക്ക് വലിയ വെല്ലുവിളി ആകുമായിരുന്നു. ആ കുട്ടിയെ പിന്നീട് എവിടെയും കണ്ടില്ല. അന്വേഷിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞു. 
 ഇതോടെ സദസ്സിലെ പിന്നാമ്പുറത്തുകൂടെ ഒരു സ്ത്രീ നടന്ന് വേദിയിലേക്കു വന്നു. ഉഷ മൈക്കിലൂടെ ചോദിച്ചു: 'ഇത് രാധയല്ലേ.' അതേയെന്നുത്തരം. അതോടെ വേദിയും സദസ്സും സ്തബ്ധരായി. ഉഷ ചേർത്തുപിടിച്ചതോടെ രാധ സന്തോഷക്കണ്ണീരണിഞ്ഞു.
 പിന്നാലെ നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് രാധയ്ക്ക് സ്റ്റേജിൽ ഇരിപ്പിടം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി പ്രജീഷ് കുമാർ ഉടനെയൊരു പൊന്നാട സംഘടിപ്പിച്ച് സ്‌റ്റേജിലെത്തിച്ചു. ആ പൊന്നാട ഒളിമ്പ്യൻ പി.ടി ഉഷ രാധയെ അണിയിച്ചതോടെ കരഘോഷമുയർന്നു. ഇത് ജീവിതത്തിലെ അഭിമാനനിമിഷമാണെന്ന് രാധ പ്രതികരിച്ചു. ഉഷയെ തോൽപ്പിച്ചെങ്കിലും അവരുടെ ഓരോ വളർച്ചയിലും മനസ്സറിഞ്ഞ് അഭിമാനിച്ചതായും രാധ വ്യക്തമാക്കി.
 

Latest News