ഇസ്‌ലാമാബാദ്-പണ്ടു കാലത്ത് ഉംറക്കെത്തുന്ന തൊഴില്‍ അന്വേഷകന്‍ മുങ്ങി ചെറിയ ജോലികള്‍ ചെയ്യുന്നതും സൗദി അധികൃതര്‍ പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുന്നതൊക്കെ പ്രവാസികള്‍ കേട്ടിട്ടുണ്ട്. പിടുത്തം കൊടുക്കുക എന്ന പ്രയോഗം തന്നെ ജിദ്ദ പ്രവാസികള്‍ക്കിടയില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ സാധാരണക്കാരുടെ കാര്യം. പാക്കിസ്ഥാനിലെ വിഷയം അതിശയിപ്പിക്കുന്നതാണ്. അവരുടെ ഒദ്യോഗിക വിമാന കമ്പനിയിലെ പൈലറ്റ് തന്നെ ഇങ്ങിനെ മുങ്ങുന്നുവെന്നതാണ് കാര്യം. കാനഡയിലെത്തി കാണാതാവുകയെന്ന പ്രതിഭാസം ആവര്‍ത്തിക്കപ്പെടുകയാണ്.
പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ വിദേശ രാജ്യങ്ങളില്‍ ചെന്ന ശേഷം മുങ്ങുന്നത് പതിവായിട്ടുണ്ട്. തിരിച്ച് പാക്കിസ്ഥാനിലേക്കുള്ള യാത്രയില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ എത്താതിരിക്കുമ്പോഴാണ് വിമാന കമ്പനി കാര്യം അറിയുന്നത്. കാനഡയിലാണ് കൂടുതല്‍ പേരും ഒളിച്ചു കടക്കുന്നത്. ടൊറന്റോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പിഐഎ) ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ കാണാതായതാണ് ഒടുവിലത്തെ സംഭവം. ഈ വര്‍ഷം മാത്രം മൂന്നാമത്തെ പി ഐ എ ജീവനക്കാരനെയാണ് കാനഡയില്‍ വച്ച് കാണാതാവുന്നത്
ഇജാസ് ഷാ എന്ന പാക്കിസ്ഥാനിയാണ് ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ശേഷം കടന്നത്. ഒക്ടോബര്‍ 14 ന് വൈകുന്നേരമാണ് വിമാനം കാനഡയില്‍ ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വിമാനത്തിന്റെ മടക്കയാത്രയില്‍ ഡ്യൂട്ടി ചെയ്യാന്‍ ഇയാള്‍ എത്താതിരുന്നതോടെയാണ് ഷായെ കാണാതായതായി ഔദ്യോഗികമായി അറിയിച്ചത്. കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് ഷായെ കുറിച്ചുള്ള വിവരങ്ങള്‍ പാക് വിമാനകമ്പനി കൈമാറിയിട്ടുണ്ട്. ഇരുപത് വര്‍ഷം മുന്‍പാണ് ഇയാള്‍ പാക് വിമാന കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റും, എയര്‍ഹോസ്റ്റസും ഈ വര്‍ഷം ആദ്യം കാനഡയില്‍ ഇറങ്ങിയ ശേഷം തിരികെ വന്നിരുന്നില്ല.