ജയ്പൂര്‍- രാജസ്ഥാനില്‍ കിഴക്കന്‍ മേഖലയില്‍ പലയിടത്തായി ബുധനാഴ്ച രാത്രി ആഞ്ഞു വീശിയ രൂക്ഷമായ പൊടിക്കാറ്റില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഭരത്പൂര്‍, ആല്‍വര്‍, ധോല്‍പൂര്‍ ജില്ലകളിലാണ് വ്യാപക നാശം വിതച്ച് ശക്തമായ കാറ്റടിച്ചത്. നൂറുകണക്കിന് മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. പലയിടത്തും വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭരത്പൂരില്‍ 11 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആല്‍വറില്‍ നാലും ധോല്‍പൂരില്‍ അഞ്ചും ജുന്‍ജുന്‍, ബിക്കാനീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരിച്ചു.
മരങ്ങള്‍ കടപുഴകി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ വീണത് വ്യാപക നാശനഷ്ടങ്ങള്‍ക്കിടയാക്കി. പൊടിക്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി വിതരണം നിര്‍ത്തിവച്ചത് വലിയ ദുരന്തം ഒഴിവാക്കി. ആല്‍വറില്‍ ആയിരത്തിലേറെ ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി വീണതായി വൈദ്യുതി വിതരണ കമ്പനി അറിയിച്ചു.
ദുരന്തബാധിത ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ ദുരിതാശ്വാസ സേനയെ അയച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.