കൊച്ചി- തിരക്കേറിയ ജംഗ്ഷനുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചില്ലറ സാധനങ്ങള്‍ വില്‍ക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്യുന്ന നാടോടിക്കുട്ടികളെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റുകയോ നാട്ടിലേക്കു തിരിച്ചയക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. തെരുവില്‍ അലയുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാന്‍ സ്വമേധയാ കേസ് എടുത്താണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
പാതയോരങ്ങളിലും പ്ലാറ്റ്ഫോമുകളിലും അന്തിയുറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നതും കോടതി പരിഗണിച്ചു. ബാലനീതി നിയമപ്രകാരം ഇവര്‍ക്കു സംരക്ഷണം നല്കാന് സര്‍ക്കാരിനു ബാധ്യതയുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെ നാട്ടിലേക്കു തിരിച്ചയക്കുന്നതുവരെ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങളുടെ വിശദാംശങ്ങളും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.